• May 13, 2021

കെറോണ തുണച്ചു; മധ്യപ്രദേശില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നില്ല , സഭ 26 വരെ പിരിഞ്ഞു

 കെറോണ തുണച്ചു;  മധ്യപ്രദേശില്‍  വിശ്വാസ വോട്ടെടുപ്പ് നടന്നില്ല , സഭ 26 വരെ പിരിഞ്ഞു

മധ്യപ്രദേശില്‍ ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം നിയമസഭാ സ്പീക്കര്‍ തള്ളി. . കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വിശ്വാസ വോട്ടെടുപ്പ് നടത്താതെ നിയമസഭാ സമ്മേളനം ഈ മാസം 26 വരെ നിർത്തി വച്ചു.

സമ്മേളനം പുനരാരംഭിക്കുമ്പോള്‍ മാത്രമേ വിശ്വാസ വോട്ടെടുപ്പ് നടത്താനാവൂ. ഇന്ന് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തിയതിന് പിന്നാലെയാണ് സഭാ സമ്മേളനം നിര്‍ത്തിവയ്ക്കുന്നതായി സ്പീക്കര്‍ അറിയിച്ചത്.

22 എംഎല്‍എമാര്‍ രാജി നല്‍കിയ പശ്ചാത്തലത്തില്‍ സര്‍ക്കാരിനോട് ഇന്നു വിശ്വാസ വോട്ട് തേടാന്‍ ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ ആവശ്യപ്പെട്ടിരുന്നു. ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ട് ഗവര്‍ണറുടെ പ്രസംഗത്തിന് പിന്നാലെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നായിരുന്നു നിര്‍ദേശം. എന്നാൽ സഭാസമ്മേളനത്തിന്റെ അജന്‍ഡയില്‍ സ്പീക്കര്‍ വിശ്വാസവോട്ടെടുപ്പ് ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നില്ല.രണ്ടു മിനിറ്റ് മാത്രം നയ പ്രഖ്യാപന പ്രസംഗം നടത്തിയ ശേഷം അദ്ദേഹം മടങ്ങുകയായിരുന്നു. ഭരണഘടന പ്രകാരമുള്ള നിയമങ്ങള്‍ എല്ലാവരും പാലിക്കേണ്ടതുണ്ടെന്നും,മധ്യപ്രദേശിന്റെ അന്തസ്സ് സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

എംഎല്‍എമാര്‍ക്കു സഭയില്‍ എത്താന്‍ കഴിയാത്തതിനാല്‍ വിശ്വാസവോട്ടടുപ്പു നീട്ടിവയ്ക്കണമെന്ന് മുഖ്യമന്ത്രി കമല്‍നാഥ് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. സ്ഥിതിഗതികള്‍ നിലവില്‍ അനുയോജ്യമല്ല. ഒരു സമ്മര്‍ദ്ദവുമില്ലാതെ എല്ലാ എംഎല്‍എമാരും സ്വതന്ത്രരായാല്‍ മാത്രമേ വിശ്വാസ വോട്ടെടുപ്പ് നടത്താനാകൂവെന്നും കമല്‍നാഥ് കത്തിലൂടെ വ്യക്തമാക്കി.

എന്നാല്‍ കോണ്‍ഗ്രസിന്റെ വിമത എംഎല്‍എമാര്‍ സഭയില്‍ എത്തിയിരുന്നില്ല. വിമത എംഎല്‍എമാരുടെ രാജി കൂടി സ്പീക്കര്‍ സ്വീകരിച്ചാല്‍ കമല്‍നാഥ് സര്‍ക്കാര്‍ സഭയില്‍ ന്യൂനപക്ഷമാകും. ഇതോടെ 107 എംഎല്‍എമാരുള്ള ബിജെപി നിയമസഭയിലെ എറ്റവും വലിയ ഒറ്റക്കക്ഷിയാകും.

Related post