• May 14, 2021

മഹാരാഷ്ട്രയില്‍ മന്ത്രിസഭാ വികസനം ഇന്ന് , അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്

 മഹാരാഷ്ട്രയില്‍ മന്ത്രിസഭാ വികസനം ഇന്ന് , അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്

ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഗാഡി മന്ത്രിസഭയുടെ വികസനം ഇന്നുണ്ടാകും. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകും. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ അശോക് ചവാന് റവന്യൂ വകുപ്പും ശിവസേന നേതാവും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയ്ക്ക് വിദ്യാഭ്യാസ വകുപ്പും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസില്‍ നിന്ന് പത്ത് പേരായിരിക്കും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുക. ക്യാബിനറ്റ് മന്ത്രിമാരുള്‍പ്പെടെ 36 പേര്‍ ഇന്ന് ചുമതലയേല്‍ക്കും.മുന്‍മുഖ്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ മകള്‍ പ്രണീതി ഷിന്‍ഡെ, മുന്‍ വനം മന്ത്രി പദങ്ക് റാവു കദമിന്റെ മകന്‍ വിശ്വജിത് കദം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അനന്ത് റാവു തോപ്തെയുടെ മകന്‍ സങ്ക് റാവു തോപ്തെ, മുന്‍മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിന്റെ മകന്‍ അമിത് ദേശ്മുഖ് എന്നിവരും മന്ത്രിമാരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്‍സിപിയുടെ മുതിര്‍ന്ന നോതാവും എംപിയുമായ സുനില്‍ താത്കറെയുടെ മകള്‍ അദിഥി താത്കറെയും മറ്റൊരു നേതാവായ മനോഹര്‍ നായിക്കിന്റെ മകനും മന്ത്രിമാരാകും.

ഉച്ചക്ക് ഒരുമണിക്കാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ. നവംബര്‍ 28ന് ഉദ്ദവ്താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്‌ബോള്‍ ആറ് മന്ത്രിമാര്‍ മാത്രമാണ് അധികാരമേറ്റത്. സര്‍ക്കാര്‍ അധികാരമേറ്റ് മുപ്പത്തിരണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ആദ്യമന്ത്രിസഭാ വികസനം. എന്‍സിപിയില്‍ നിന്നുള്ള മന്ത്രിമാരുടെ അന്തിമ പട്ടികയായിട്ടില്ല. അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ ആഭ്യന്തരവകുപ്പ് കൂടി ലഭിച്ചേക്കും. ധനഞ്ജയന്‍ മുണ്ടയ്ക്ക് ധനകാര്യവകുപ്പ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Related post