• December 3, 2021

മലാല യൂസഫ്സായ് ബയോപിക് ‘ഗുല്‍മകായി’ റിലീസിനൊരുങ്ങുന്നു.

 മലാല യൂസഫ്സായ് ബയോപിക് ‘ഗുല്‍മകായി’  റിലീസിനൊരുങ്ങുന്നു.

മലാല യൂസഫ്‌സായുടെ ബയോപിക് ‘ഗുല്‍മകായി’ റിലീസിനൊരുങ്ങുന്നു. അമ്ജദ് ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 31 നാണ് തിയേറ്ററിലെത്തുന്നത്. ടെക്‌നോ ഫിലിംസിൻ്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തിൻ്റെ കഥ എഴുതിയത് ബസ്‌വതി ചക്രബര്‍തിയാണ്.

സ്വന്തം ജീവനു നേരെയുള്ള ഭീഷണികള്‍പോലും അവഗണിച്ച് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പോരാടിയ മലാലയുടെ ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോവുന്നത്. മലാലയായി വേഷമിടുന്നത് റീം ഷെയ്ക് ആണ്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു.

വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഖൈബര്‍ പഷ്ഠൂണ്‍ പ്രവിശ്യയിലെ സ്വാത് താഴ്വരയിലെ മിന്‍ഗോറയില്‍ സിയാവുദ്ദീന്‍ യൂസഫ് സായിയുടെയും തോര്‍ പെകായുടെയും മകളായി 1997 ജൂലൈ 12-നാണ് മലാല ജനിച്ചത്. മലാലയെ അച്ഛന്‍ വിളിക്കുന്ന ചെല്ലപ്പേര് ഗുല്‍മകായി എന്നാണ്. ഗുല്‍മകായി എന്നാല്‍ ചോളത്തിന്റെ പൂവ്. കവിയും പുരോഗമന ചിന്താഗതിക്കാരനും സ്‌കൂള്‍ ഉടമയുമായിരുന്ന പിതാവ് ബുഷാന്‍ പബ്ലിക് സ്‌കൂള്‍ എന്ന പേരില്‍ ഒന്നിലേറെ സ്‌കൂളുകള്‍ നടത്തിയിരുന്നു. പഷ്ഠൂണ്‍ കവി മലാലായിയോടുളള ആരാധനയാണ് മകള്‍ക്ക് മലാല എന്ന പേരിടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ഭീകരരുടെ വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട് ലണ്ടനിലെത്തിയ മലാലയ്ക്ക് ഭീകരരുടെ ഭീഷണിനിലനില്‍ക്കുന്നതു കാരണം ബ്രിട്ടീഷ് ഗവണ്‍മെന്റ് ലണ്ടനില്‍ തന്നെ സൗജന്യ താമസവും പഠനസൗകര്യങ്ങളും നല്‍കുകയുണ്ടായി. ഭീകരരാല്‍ നിശബ്ദമാക്കാന്‍ ശ്രമിച്ച മലാല പിന്നീട് ലോകത്തിൻ്റെ നാവായി മാറുകയായിരുന്നു. ഇപ്പോള്‍ ബ്രിട്ടനില്‍ കഴിയുന്ന മലാല താലിബാന്റെ ഭീഷണി കാരണം നാട്ടിലേയ്ക്ക് മടങ്ങാനാവാത്ത സ്ഥിതിയിലാണ്.

Related post