• May 15, 2021

മലയാളി യുവതിക്ക് കൊറോണ വൈറസ് ബാധ; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും

 മലയാളി യുവതിക്ക് കൊറോണ വൈറസ് ബാധ; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും

ചൈനയിലെ വുഹാന്‍ നഗരത്തില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് വിവിധ രാജ്യങ്ങളിലേക്ക് പടരുന്നെന്ന വാര്‍ത്തകള്‍ക്കിടെ സൗദിയില്‍ മലയാളി നഴ്‌സിന് വൈറസ് ബാധ. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് വൈറസ് ബാധയേറ്റത്. സൗദിയില്‍ അല്‍ ഹയത് നാഷണല്‍ ആശുപത്രിയിലെ ജീവനക്കാരിയാണ് ഇവര്‍.

ഈ ആശുപത്രിയിലെ തന്നെ ഫിലിപ്പീന്‍ സ്വദേശിയായ നഴ്‌സിനാണ് ആദ്യം കൊറോണ വൈറസ് പിടിപെട്ടത്. ഫിലിപ്പീന്‍ സ്വദേശിനിയെ ശുശ്രൂഷിക്കുന്നതിനിടയിലാണ് മലയാളി നഴ്‌സിലേക്ക് വൈറസ് പടര്‍ന്നത്. മറ്റു ചില നഴ്‌സുമാരും നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. നഴ്‌സ്മാര്‍ക്ക് രോഗം പിടിപ്പിട്ടത് ആശുപത്രി ജീവനക്കാരെ ഭയപ്പെടുത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വൈറസ് പടരുമെന്ന ഭയത്തില്‍ പലരും ആശുപത്രിയിലേക്കെത്തുന്നുമില്ല. രോഗവിവരം പുറത്തുവിടാതെ അധികൃതര്‍ മറച്ച് വയ്ക്കുകയാണെന്നും നഴ്‌സുമാര്‍ ആരോപിക്കുന്നു. ഇവര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ വൈറസ് ബാധയ്ക്കുള്ള ചികിത്സ ഇല്ലെന്നും എന്നാല്‍ രോഗികളെ മറ്റ് ആശുപത്രിയിലേക്ക് മാറ്റാന്‍ തയ്യാറാകുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ഇതിനിടയില്‍ നിരീക്ഷണത്തിനായി മാറ്റി പാര്‍പ്പിച്ചിരിക്കുന്ന 30 നഴ്‌സുമാരും ഇന്ത്യന്‍ എംബസിയ്ക്ക് പരാതി നല്‍കിയതായാണ് വിവരം. മതിയായ വൈദ്യസഹായമോ ഭക്ഷണമോ തങ്ങള്‍ക്ക് ലഭ്യമാകുന്നില്ല എന്നാണ് പരാതി.

മധ്യ ചൈനീസ് നഗരമായ വൂഹാനില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധ വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും. ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതി ഇന്ന് ചേരുന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനം പ്രഖ്യാപിക്കുക. നേരത്തെ അഞ്ചുതവണ മാത്രമാണ് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. എബോള പടര്‍ന്നപ്പോള്‍ രണ്ടുതവണയും പന്നിപ്പനി, പോളിയോ, സികാ വൈറസ് എന്നീ രോഗങ്ങള്‍ പടര്‍ന്ന സാഹചര്യങ്ങളില്‍ ഒരോ തവണയുമാണ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്.

വൈറസ് ബാധയില്‍ ഇതുവരെ 17 പേരാണ് ചൈനയില്‍ മരണപ്പെട്ടത്. മരണസംഖ്യ ഉയരുന്ന സാഹചര്യത്തില്‍ രോഗത്തിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരത്തിലെ പൊതുഗതാഗതവും വിമാന, ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇവിടെയുള്ള ജനങ്ങളോട് നഗരം വിട്ട് പുറത്തുപോകരുതെന്ന നിര്‍ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ട്. ആളുകള്‍ കൂടുന്ന പൊതുസമ്മേളനങ്ങളും മറ്റും ഒഴിവാക്കാനും നിര്‍ദേശമുണ്ട്. ഇതുവരെ ചൈനയില്‍ 470 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. മുന്‍കരുതലിന്റെ ഭാഗമായി 2197 പേര്‍ നിരീക്ഷണത്തിലുണ്ട്. ജനങ്ങള്‍ വുഹാനിലേക്ക് യാത്ര ചെയ്യുന്നതിനും ചൈനീസ് അധികൃതര്‍ ബുധനാഴ്ച വിലക്കേര്‍പ്പെടുത്തി. യു.എസിലും മക്കാവുവിലും കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു.

ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. വിമാനത്താവളത്തില്‍ മെഡിക്കല്‍ പരിശോധന കര്‍ശനമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related post