• May 14, 2021

മംഗളൂരില്‍ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

 മംഗളൂരില്‍ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍


പൗരത്വ ഭേദഗതി നിയമത്തിനെതിരായ മാംഗളൂരിലുണ്ടായ വെടിവെപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തില്‍ വെടിയേറ്റ് മരിച്ചവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക് ആശുപത്രി പരിസരത്തു നിന്നാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. പോസ്റ്റ്‌മോര്‍ട്ടം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയവരെ സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുകയായിരുന്നു.

മീഡിയ വണ്‍, ഏഷ്യാനെറ്റ്, മാതൃഭൂമി, ന്യൂസ് 24, ന്യൂസ്18 അടക്കം പത്തോളംവാര്‍ത്താ ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാരും കാമറാമാന്‍മാരുമാണ് കസ്റ്റഡിയിലായത്. കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ കമീഷണറേറ്റ് ഓഫീസിലേക്ക് മാറ്റി. ഇവരെകേരള -കര്‍ണാടക അതിര്‍ത്തി കടത്തിവിടാനുള്ള തീരുമാനത്തിലാണ് പൊലീസ്.

മാധ്യമപ്രവര്‍ത്തകര്‍ ആശുപത്രി പരിസരത്ത് നിന്ന് കടന്നുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ലൈവ് റിപ്പോര്‍ട്ടിങ് തടസപ്പെടുത്തുകയും ചാനലുകളുടെ കാമറകളും റിപ്പോര്‍ട്ടര്‍മാരുടെ മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. അംഗീകാരമില്ലാത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് മംഗളൂരുവില്‍ റിപ്പോര്‍ട്ടിങ് അനുവദിക്കില്ല. മലയാളി മാധ്യമപ്രവര്‍ത്തകര്‍ സംസ്ഥാനം വിട്ടു പോകണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധവുമായി മാധ്യമസംഘടനകളും കേരളത്തിലെ രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം മംഗളൂരുവില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയും അറിയിച്ചു .

Related post