• July 27, 2021

ഞാനും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം; ജെഎന്‍യു അക്രമത്തില്‍ അപലപിച്ച് മഞ്ജു വാര്യര്‍

 ഞാനും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം; ജെഎന്‍യു അക്രമത്തില്‍ അപലപിച്ച് മഞ്ജു വാര്യര്‍

ഇന്നലെ ജെഎന്‍യു ക്യാപസില്‍ നടന്ന ആക്രമണത്തിനെതിരെ പ്രതികരിച്ച് മഞ്ജു വാര്യര്‍. ജെഎന്‍യുവില്‍ നിന്നുള്ള മുഖങ്ങള്‍ ടിവിയില്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്നും നടി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

മുഖം മറച്ച് മാരകായുധങ്ങളുമായെത്തിയ അന്‍പതോളം പേരാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‌റ് ഐഷി ഘോഷിന് പരുക്കേറ്റിരുന്നു. ക്യാമ്പസില്‍ നടന്ന അക്രമത്തിന്‌റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്തുവന്നിട്ടുണ്ട്.
ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ താമസിക്കുന്ന സബര്‍മതി, മഹി മാന്ദ്വി, പെരിയാര്‍ തുടങ്ങിയ ഹോസ്റ്റലുകളിലുള്ളവര്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.

ഫേസ്ബുക്ക് പോസ്റ്റിന്‌റെ പൂര്‍ണരൂപം ഇങ്ങനെ:-

ജെ.എന്‍.യുവില്‍നിന്നുള്ള മുഖങ്ങള്‍ രാവിലെ ടിവിയില്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ചോര ഒലിച്ചുകൊണ്ടുള്ള കുറെ മുഖങ്ങള്‍. രാത്രി അവരെ മൂന്നു മണിക്കൂറോളം പലരും ചേര്‍ന്ന് അക്രമിച്ചിരിക്കുന്നു. ജെഎന്‍യു എന്നതു ഈ രാജ്യത്തിന്റെ അറിവിന്റെ അടയാളമായിരുന്നു. അവിടെ പഠിക്കുക എന്നതു അറിവിന്റെ മാനദണ്ഡമായിരുന്നു. അവിടെ പഠിച്ച പലരുമാണ് ഇന്നും നമ്മളെ നയിക്കുന്നതും ഭരിക്കുന്നതും. അവരുടെ രാഷ്ട്രീയം പലതായിരുന്നുവെങ്കിലും അവരുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യാനാകില്ല. രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിനിടയിലും അവര്‍ അവിടെ കലാപമുണ്ടാക്കുകയല്ല ചെയ്തത്. പുറത്തുനിന്നുള്ളവര്‍ കൂടി ചേര്‍ന്നു ഇരുളിന്റെ മറവില്‍ അക്രമം നടത്തുന്നുവെന്നു പറയുമ്പോള്‍ അതിലെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ല. കുട്ടികളെ അവിടെ പഠിപ്പിക്കാന്‍ വിട്ട അമ്മമാരില്‍ ഭൂരിഭാഗവും സാധാരണക്കാരാകും. ടിവിയില്‍ ചോരയില്‍ കുതിര്‍ന്ന പലരുടെയും മുഖങ്ങള്‍ കാണുമ്പോള്‍ ആ അമ്മമാരുടെ മനസ്സിന്റെ അവസ്ഥ എന്താകും. നമുക്ക് ആ കുട്ടികളുടെ കൂടെ നില്‍ക്കാതിരിക്കാനാകില്ല. ഞാനും കൂടെ നില്‍ക്കുന്നു.

Related post