• October 26, 2021

ഹോളിഫെയ്ത്ത് നിലം പതിച്ചു; ആദ്യ ദൗത്യം വിജയകരം

 ഹോളിഫെയ്ത്ത് നിലം പതിച്ചു; ആദ്യ ദൗത്യം വിജയകരം

കൊച്ചി മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ചു പണിതുയര്‍ത്തിയ അനധികൃത ഫ്ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുന്നതിനുള്ള മൂന്നാം സൈറണും മുഴങ്ങിയതോടെ ഹോളിഫെയ്ത്ത് എച്ച്2ഓ ഫ്‌ലാറ്റ് നിലം പതിച്ചു. കൃത്യം 11.18നാണ് അവസാന സൈറണ്‍ മുഴങ്ങിയത്. നേരത്തെ നിശ്ചയിച്ചതില്‍ നിന്നും 18 മിനുട്ട് വൈകിയാണ് സ്‌ഫോടനം നടന്നത്. 16 മിനുട്ട് വൈകിയാണ് രണ്ടാം സൈറണ്‍ മുഴങ്ങിയത്. 10.55ന് രണ്ടാം സൈറണും മുഴങ്ങുമെന്ന് അറയിച്ചിരുന്നെങ്കിലും മുഴങ്ങിയില്ല. ഇതോടെ 11 മണിക്ക് നടത്താന്‍ നിശ്ചയിച്ച സ്‌ഫോടനം വൈകുകയായിരുന്നു.

നേവിയുടെ ഹെലികോപ്റ്റര്‍ ഈ മേഖലയ്ക്ക് മുകളിലൂടെ പോയതിനാലാണ് രണ്ടാം സൈറണ്‍ മുഴങ്ങാതിരുന്നത്. നഗരസഭയില്‍ സജീകരിച്ചിരിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ ജില്ലാ കളക്ടര്‍ അടക്കമുള്ളവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. 18370.49 ചതുരശ്ര മീറ്ററിലായി 19 നിലകളാണ് ഹോളിഫെയ്ത്ത് എച്ച്2ഒ ഫ്ളാറ്റിനുള്ളത്. ആകെ 91 അപാര്‍ട്ട്മെന്റുകള്‍. സെക്കന്റുകള്‍ക്കുള്ളില്‍ സ്‌ഫോടനം പൂര്‍ത്തിയാവും. 21450 ടണ്‍ കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ അവശേഷിക്കുമെന്നാണ് കരുതുന്നത്.

നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് ഫ്ളാറ്റ് തകര്‍ത്തത്. ഫ്‌ലാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ വൈകിട്ട് 5 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സമീപവാസികളെയും റോഡുകളിലെ കാഴ്ചക്കാരേയും മാറ്റിയിരുന്നു. ഫ്ളാറ്റുകള്‍ തകര്‍ന്നുവീഴുമ്പോഴുള്ള പൊടി 50 മീറ്റര്‍ ചുറ്റളവില്‍ നിറയും. വന്‍ ജനക്കൂട്ടമാണ് സ്‌ഫോടനം കാണാന്‍ കൊച്ചിയില്‍ തടിച്ചുകൂടിയത്. രണ്ടാം സൈറണ്‍ വൈകിയത് ചെറിയ ആശങ്ക സൃഷ്ടിച്ചു. ഫ്‌ലാറ്റ് പൊളിക്കുന്നതിന് മുന്നോടിയായുളള രണ്ടാം സൈറണാണ് വൈകിയത്. 10.55 നാണ് രണ്ടാം സൈറണ്‍ നിശ്ചയിച്ചിരുന്നത്. നേവിയുടെ അനുമതിക്ക് കാത്തതായാണ് സൂചന. ഹെലികോപ്റ്റര്‍ മടങ്ങിയശേഷം സൈറണ്‍ മുഴങ്ങുകയായിരുന്നു.

Related post