• October 22, 2021

രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ലയനം ഇന്ന്

 രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ലയനം ഇന്ന്

പൊതുമേഖലയിലെ 10 ബാങ്കുകള്‍ ഉള്‍പ്പെടുന്ന രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ലയനം ഇന്ന് യാഥാര്‍ഥ്യമാകുന്നു. ലയനത്തോടെ ഇവയുടെ എണ്ണം നാലായി ചുരുങ്ങും. പൊതുമേഖലയില്‍ ഇനി മുതല്‍ 12 വാണിജ്യ ബാങ്കുകള്‍ മാത്രം. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷനല്‍ ബാങ്കിലാണു ലയിക്കുന്നത്. സിന്‍ഡിക്കറ്റ് ബാങ്ക് കാനറ ബാങ്കിലും അലഹാബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിലും ലയിക്കുന്നു. ആന്ധ്ര ബാങ്കും കോര്‍പറേഷന്‍ ബാങ്കും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയായി മാറുന്നു

ലയിക്കപ്പെടുന്ന ബാങ്കുകളുടെ എല്ലാ ഇടപാടുകാരും നാളെത്തന്നെ പഞ്ചാബ് നാഷനല്‍ ബാങ്ക്, കാനറ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക് എന്നീ ‘ആങ്കര്‍ ബാങ്കു’കളിലൊന്നിന്റെ ഭാഗമായി മാറും. ഇവര്‍ക്ക് ആങ്കര്‍ ബാങ്കിന്റെ ചെക് ബുക്, എടിഎം / ഡെബിറ്റ് കാര്‍ഡ് എന്നിവ ലഭിക്കും. ലയനം ഭരണപരമായ നടപടി മാത്രമാകയാല്‍ ഇടപാടുകാര്‍ക്ക് ഒരുവിധത്തിലുള്ള ബുദ്ധിമുട്ടുമുണ്ടാകില്ല. ലയനത്തില്‍ ഉള്‍പ്പെടുന്ന എല്ലാ ബാങ്കുകള്‍ക്കുമായി 1482 ശാഖകളാണു കേരളത്തിലുള്ളത്. പുനര്‍ക്രമീകരണത്തോടെ ഇവയില്‍ 250 എണ്ണമെങ്കിലും ഇല്ലാതാകും. അതോടെ പൊതുമേഖലാ ബാങ്കുകള്‍ക്കെല്ലാം കൂടി സംസ്ഥാനത്തുള്ള ശാഖകളുടെ എണ്ണം 4059ല്‍ നിന്നു 3809 ആകും.

ലയനത്തില്‍ ഉള്‍പ്പെടുന്ന ബാങ്കുകളുടെ കേരളത്തിലെ ജീവനക്കാരില്‍ രണ്ടായിരത്തോളം പേരെങ്കിലും അധികപ്പറ്റായേക്കുമെന്നാണ് അറിയുന്നത്. എന്നാല്‍ പിരിച്ചുവിടല്‍ ഉണ്ടാകില്ല. ഇവരെ പുനര്‍വിന്യസിക്കും. പലര്‍ക്കും മറ്റു സംസ്ഥാനങ്ങളിലേക്കു മാറ്റമുണ്ടാകാം. ലയിക്കപ്പെടുന്ന ബാങ്കുകളിലെ ഒരു വിഭാഗം ഇടപാടുകാര്‍ക്ക് ആങ്കര്‍ ബാങ്കുകളുമായി ബന്ധം സ്ഥാപിക്കാന്‍ സ്വാഭാവികമായും താല്‍പര്യമുണ്ടാകാതെ വന്നേക്കാമെന്ന് ആശങ്കയുണ്ട്. ഈ സാഹചര്യം പ്രയോജനപ്പെടുത്താന്‍ ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സിഎസ്ബി ബാങ്ക് എന്നിവയ്ക്ക് അവസരം ലഭിക്കും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പെടെയുള്ള അനുബന്ധ ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഏറ്റെടുത്ത കാലയളവില്‍ സമാന സാഹചര്യം സംജാതമായിരുന്നു. ഫെഡറല്‍ ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കും ആ സാഹചര്യം പ്രയോജനപ്പെടുത്തി വിപണി വിഹിതം മെച്ചപ്പെടുത്തി. ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്ക് സംയോജനത്തിലും ഈ ബാങ്കുകള്‍ ബിസിനസ് വികസനത്തിന് അവസരം കണ്ടെത്തുകയുണ്ടായി.

Related post