• October 23, 2021

ബാങ്ക് ലയനം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തിലാകും: ആര്‍ബിഐ

 ബാങ്ക് ലയനം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തിലാകും: ആര്‍ബിഐ

ബാങ്ക് ലയനം ഏപ്രില്‍ ഒന്നിന് തന്നെയെന്ന് ആര്‍ബിഐ. 10 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാല് വന്‍കിട ബാങ്കുകളാക്കുന്ന നടപടി ഏപ്രില്‍ ഒന്നിന് പ്രാബല്യത്തിലാകുമെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചിരിക്കുന്നത്. കൊറോണയും ലോക്ക്ഡൗണും കാരണം ലയനം നീട്ടിവച്ചേക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടാവില്ല. പദ്ധതിപ്രകാരം ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിക്കും. സിന്‍ഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിന്റെയും അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിന്റെയും ഭാഗമാകും. ആന്ധ്ര ബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കും. മാര്‍ച്ച് നാലിനാണ് കേന്ദ്രസര്‍ക്കാര്‍ 10 പൊതുമേഖലാ ബാങ്കുകളുടെ ലയനം സംബന്ധിച്ച് വിജ്ഞാപനമിറക്കിയത്. രാജ്യത്തെ ബാങ്കുകളുടെ എണ്ണം കുറച്ച്, വന്‍കിട ബാങ്കുകള്‍ സൃഷ്ടിക്കുകയാണ് ലയനത്തിന്റെ ലക്ഷ്യം.

ബാങ്ക് ഓഫീസേഴ്സ് യൂണിയനുകള്‍ കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ലയന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

Related post