• June 15, 2021

ഇന്ത്യാ ചൈന സൈനികതല ചര്‍ച്ച ഫലപ്രദമായില്ലെന്ന് സൂചന

 ഇന്ത്യാ ചൈന സൈനികതല ചര്‍ച്ച ഫലപ്രദമായില്ലെന്ന് സൂചന

ഇന്ത്യാ ചൈന അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇന്നലെ നടന്ന സൈനികതല ചര്‍ച്ച ഫലപ്രദമായില്ലെന്ന് സൂചന. ഇരു രാജ്യങ്ങളും മുന്‍കാലങ്ങളില്‍ അംഗീകരിച്ച കരാറുകളുടെ അടിസ്ഥാനത്തില്‍ നയതന്ത്ര തലത്തിലും സൈനിക തലത്തിലും ചര്‍ച്ചകള്‍ മുന്നോട്ടു പോകുമെന്ന് ഇന്ത്യ വ്യക്തമാക്കി. മക്മോഹന്‍ രേഖക്കും നിയന്ത്രണ രേഖക്കുമിടയില്‍ ചൈന കഴിഞ്ഞ മാസം കയ്യേറിയ പ്രദേശങ്ങളില്‍ നിന്നും ഒഴിഞ്ഞു പോകുന്ന കാര്യത്തില്‍ അന്തിമ ധാരണയില്‍ എത്തിയിട്ടില്ലെന്നാണ് സൂചന.

ഇരു രാജ്യങ്ങളുടെയും സൈനിക നേതൃത്വം ചുശൂലിലെ മാല്‍ദോയില്‍ നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയാണ് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവന. അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ മുന്‍കാല കരാറുകളുടെ വെളിച്ചത്തില്‍ രമ്യമായി പരിഹരിക്കാന്‍ ധാരണയായെന്നും നയതന്ത്ര തലത്തിലും സൈനിക തലത്തിലും ചര്‍ച്ചകള്‍ തുടരുമെന്നും പ്രസ്താവന പറയുന്നു. ചൈനയുമായി നയതന്ത്ര ബന്ധം സ്ഥാപിക്കപ്പെട്ട് 70 വര്‍ഷം തികയുന്ന സാഹചര്യത്തില്‍ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കി.

അയല്‍രാജ്യമായ ഇന്ത്യയുമായി അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Related post