• October 22, 2021

കോവിഡ് ;സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നതതല യോഗം ഇന്ന്, ലോക്ക്ഡൗണും ചര്‍ച്ചയായേക്കും

 കോവിഡ് ;സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നതതല യോഗം ഇന്ന്, ലോക്ക്ഡൗണും ചര്‍ച്ചയായേക്കും

രാജ്യത്തെ കൊറോണ വ്യാപനവും ലോക്ക്ഡൗണും സംബന്ധിച്ച സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രിതല സമിതി ഇന്ന് യോഗം ചേരും. ലോക്ക്ഡൗണ്‍ തുടരണോയെന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായങ്ങളും തേടിയിട്ടുണ്ട്. കൂടാതെ ആരോഗ്യരംഗത്തെ വിദഗ്ധരുമായും മന്ത്രിതല സമിതി വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്.


ഉത്തര്‍പ്രദേശ്, അസ്സം, മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ തുടരണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനായി കേരളസര്‍ക്കാര്‍ രൂപീകരിച്ച ടാസ്‌ക് ഫോഴ്സ് ഇന്നലെ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി.

ഒറ്റയടിക്ക് നിയന്ത്രണങ്ങള്‍ പിന്‍വലിക്കരുതെന്നാണ് സമിതിയുടെ നിര്‍ദേശം. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയാണെങ്കില്‍ ഘട്ടംഘട്ടമായി മാത്രമേ നടപ്പാക്കാവൂ. സിനിമ തിയേറ്ററുകള്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങി ജനക്കൂട്ടം കൂടുന്ന പ്രദേശങ്ങളിലെ നിയന്ത്രണം തുടരണമെന്നും സമിതി നിര്‍ദേശിച്ചതായാണ് സൂചന.

പല സംസ്ഥാനങ്ങളും ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടരുന്നതിനോട് പിന്തുണ പ്രകടിപ്പിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ 21 ദിവസത്തേക്ക് കൂടി നീട്ടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൊവിഡ് പ്രതിരോധിക്കുന്നതിന് കേരളം കൈവരിച്ച നേട്ടം നിലനിര്‍ത്തുന്നതിന് അടുത്ത 21 ദിവസവും കൂടി ലോക്ക്ഡൗണ്‍ തുടരേണ്ടതാണ്.

ലോക്ക്ഡൗണ്‍ പിന്‍വലിക്കുമ്പോള്‍ വളരെ അധികം ആളുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന സാഹചര്യം ഉണ്ടായേക്കാം. അത്തരം സാഹചര്യം സമൂഹ വ്യാപനം ഉണ്ടാകുന്ന സ്ഥിതിയിലേക്ക് കേരളത്തെ എത്തിക്കുമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കുന്നത്.

Related post