• October 22, 2021

ചെമ്പകതൈകള്‍ പൂത്ത മാനത്തെ പൊന്നമ്പിളിക്ക് ഇന്ന് അന്ത്യചുംബനം

 ചെമ്പകതൈകള്‍ പൂത്ത മാനത്തെ പൊന്നമ്പിളിക്ക് ഇന്ന് അന്ത്യചുംബനം

പൊലിഞ്ഞത് സംഗീത ലോകത്തെ കുലപതി. 250 സിനമകള്‍ക്കായി ആയിരത്തിലേറെ ഗാനങ്ങള്‍ക്ക് ഈണമിട്ട അതുല്യ പ്രതിഭ. യേശുദാസിന്റെ ശബ്ദം ആദ്യം റോക്കോര്‍ഡ് ചെയ്തതും, ഏ.ആര്‍ റഹ്മാന്റെ സിനിമ പ്രവേശനവും എല്ലാം ഈ പ്രതിഭാശാലിയുടെ സംഗീതസംവിധാനത്തിലൂടെ ആയിരുന്നു എന്നത് മറ്റൊരു ചരിത്രം.

അര്‍ജ്ജുനന്‍ മാഷിന്റെ കൂടെ ആദ്യം മുതല്‍ ഉണ്ടായിരുന്ന സഹായിയാണ് ആര്‍.കെ ശേഖര്‍. അദ്ദേഹത്തിന്റെ മകനാണ് എ.ആര്‍ റഹ്മാന്‍. ആര്‍.കെ ശേഖറിന്റെ മരണശേഷം കുട്ടിയായിരിക്കുമ്പോള്‍ തന്നെയാണ് ദിലീപ് എന്ന എ.ആര്‍.റഹ്മാനെ മദ്രാസില്‍ കൊണ്ടുപോയതും സംഗീത ലോകത്തിന് പരിചയപ്പെടുത്തിയതും. കസ്തൂരിയുടെ ഗന്ധമുള്ള ഗാനങ്ങള്‍ ഇനിയും കേള്‍ക്കുമ്പോള്‍ മലയാളിക്ക് ആ ഓര്‍മ്മകള്‍ ഒരു നൊമ്പരമായി നില്‍ക്കും.
ആ മനസ്സുനിറയെ സംഗീതമായിരുന്നു. മലയാളിക്ക് അത് വേണ്ടുവോളം പകര്‍ന്നു നല്‍കുകയും ചെയ്തു. 1200 ലധികം നാടകങ്ങളുടെ സംഗീതം, ഹൃദയ സ്പര്‍ശിയായ മെലഡികള്‍, ഗസല്‍ സംഗീതം അങ്ങനെ എത്രയെത്ര മാന്ത്രിക സംഗീതങ്ങള്‍. എം.കെ അര്‍ജ്ജുനന്‍ എന്ന അര്‍ജ്ജുനന്‍ മാഷ് വിടവാങ്ങുമ്പോള്‍ അദ്ദേഹം മലയാളിക്ക് പകര്‍ന്നു നല്‍കിയ സുന്ദരഗാനങ്ങള്‍ മതി അദ്ദേഹത്തെ ഹൃദയത്തില്‍ എന്നും സൂക്ഷിക്കാന്‍.

ഒന്നും ഇല്ലായ്മയില്‍ നിന്നും ജനഹൃദയങ്ങള്‍ കീഴടക്കിയ സംഗീത സംവിധായകനിലേക്കുള്ള യാത്ര. ഒന്നിനെ പറ്റിയും പരിഭവമില്ലാത്ത ശുദ്ധഹൃദയന്‍. ആകെ ഉണ്ടായിരുന്ന വ്യാകുലത തന്റെ ഈണവും പാട്ടും ആരും കേള്‍ക്കാതെ പോയാല്‍ സങ്കടം തോന്നുമെന്ന നിഷ്‌ക്കളങ്കത മാത്രം. ഈ അനശ്വര ഈണങ്ങളും പാട്ടും ആര് കേള്‍ക്കാതെ പോകും. നിഷ്‌ക്കളങ്ക ഹൃദയത്തിന്റെ ഉടമയായ അനശ്വര പ്രതിഭ.

1936 ഓഗസ്റ്റ് 25- ന് ഫോര്‍ട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും പതിനാലു മക്കളില്‍ ഏറ്റവും ഇളയവനായിരുന്നു അര്‍ജ്ജുനന്‍. അച്ഛന്‍ മരിക്കുമ്പോള്‍ കുറെ ജീവിത പ്രാരാബ്ധങ്ങൾ മാത്രമായിരുന്നു കുടുംബത്തിന്റെ സമ്പാദ്യം. മക്കളെ പോറ്റാന്‍ പകലന്തിയോളം പണിയെടുക്കുന്ന അമ്മയ്ക്കു താങ്ങാകാന്‍ രണ്ടാം ക്ലാസ്സില്‍ അര്‍ജ്ജുനന്‍ പഠനം നിര്‍ത്തി. പ്രാരാബ്ധങ്ങൾ താങ്ങാനാവാതെ പഴനിയിലെ ഒരു ആശ്രമത്തിന്റെ അനാഥാലയത്തിലേക്ക് അര്‍ജ്ജുനനെയും ജ്യേഷ്ഠന്‍ പ്രഭാരകരനെയും ആക്കി.

ആശ്രമത്തിന്റെ അധിപനായ നാരായണസ്വാമിയാണ് ജ്യേഷ്ഠന്റെയും അനുജന്റെയും സംഗീത വാസന മനസ്സിലാക്കുന്നത്. നാരായണസ്വാമി അവര്‍ക്കുവേണ്ടി ഒരു സംഗീതാധ്യാപകനെ ഏര്‍പ്പാടാക്കി. അങ്ങനെ ഏഴു വര്‍ഷം. ആശ്രമത്തില്‍ അന്തേവാസികള്‍ കൂടുതലായതോടെ ഇരുവരും ഫോര്‍ട്ടുകൊച്ചിയിലേക്കു മടങ്ങി. പല ഗുരുക്കന്‍മാരുടെ കീഴിലായി തബലയും വായ്പ്പാട്ടും ഹാര്‍ണമോണിയവും അഭ്യസിച്ചു. ഹാര്‍മോണിയം വായന പിന്നീട് തൊഴിലാക്കി മാറ്റി.

കൊച്ചുനാടക ട്രൂപ്പുകള്‍ക്കു വേണ്ടിയായിരുന്നു തുടക്കം. കോഴിക്കോട് നിന്നുള്ള ‘കലാകൗമുദി ട്രൂപ്പുകാര്‍ ഒരു നാടകത്തിനു ഈണം പകരാന്‍ ക്ഷണിച്ചതോടെയാണ് പുതിയൊരു ജീവിതത്തിനു തുടക്കമാകുന്നത്. ‘തമ്മിലടിച്ച തമ്പുരാക്കള്‍…. എന്ന ഗാനത്തിനാണ് ആദ്യമായി ഈണം പകര്‍ന്നത്. ഈ ഗാനം വിജയിച്ചതോടെ കൂടുതല്‍ അവസരങ്ങളായി. നിരവധി നാടക ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നു.

നാടകരംഗത്തു പ്രവര്‍ത്തിക്കവേ, ദേവരാജന്‍ മാസ്റ്ററുമായി പരിചയപ്പെട്ടതാണ് അര്‍ജ്ജുനന്‍ മാഷിന്റെ സിനിമയിലേക്കുള്ള പ്രവേശനത്തിന് നിദാനം. ദേവരാജന്‍ മാഷിനു വേണ്ടി നിരവധി ഗാങ്ങള്‍ക്ക് അദ്ദേഹം ഹാര്‍മോണിയം വായിച്ചു. 1968-ല്‍ ‘കറുത്ത പൗര്‍ണമി എന്ന ചിത്രത്തിലെ അഞ്ചു ഗാനങ്ങളിലൂടെ മലയാള സിനിമാ സംഗീതലോകത്ത് തന്റെ പേര് എഴുതിച്ചേര്‍ക്കാന്‍ അര്‍ജ്ജുനന്‍മാസ്റ്റര്‍ക്കു കഴിഞ്ഞു. തന്റെ ജീവിതം പകര്‍ത്തിയെഴുതിയ പോലെ പി. ഭാസ്‌കരന്‍ പാട്ടെഴുതി കൊടുത്തപ്പോള്‍ ഹൃദയമുരുകി എം.കെ. അര്‍ജ്ജുനന്‍ ഈണം പകര്‍ന്നു.

‘ഹൃദയമുരുകി നീ കരയില്ലെങ്കില്‍
കദനം നിറയുമൊരു കഥ പറയാം…

ആയിടയ്ക്കാണ് അര്‍ജ്ജുനന്‍ മാഷ് ശ്രീകുമാരന്‍ തമ്പിയുമായി പരിചയപ്പെടുന്നത്. പില്‍ക്കാലത്ത് എം കെ അര്‍ജ്ജുനനുമായി ചേര്‍ന്ന് നിരവധി അവിസ്മരണീയ ഗാനങ്ങള്‍ ശ്രീകുമാരന്‍ തമ്പി രചിച്ചു. അര്‍ജ്ജുനന്‍ മാഷ് ഈണമിട്ട ഗാനങ്ങളില്‍ ഭൂരിപക്ഷവും രചിച്ചത് ശ്രീകുമാരന്‍ തമ്പിയായിരുന്നു. വയലാര്‍, പി. ഭാസ്‌കരന്‍, ഒ. എന്‍. വി. കുറുപ്പ് എന്നിവര്‍ക്കൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലാ ഗായകര്‍ക്കും അവസരം കൊടുത്തിട്ടുണ്ടെങ്കിലും കെ.ജെ. യേശുദാസ്, പി. ജയചന്ദ്രന്‍, വാണി ജയറാം എന്നിവരാണ് അദ്ദേഹത്തിന്റെ ഗാനങ്ങള്‍ അധികവും ആലപിച്ചത്.

മനസ്സില്‍ തങ്ങി നില്‍ക്കുന്ന എത്രയെത്ര ഗാനങ്ങള്‍. മാനത്തിന്‍ മുറ്റത്ത്, ഹൃദയമുരുകി നീ, പൗര്‍ണ്ണമിച്ചന്ദ്രിക തൊട്ടുവിളിച്ചു, യദുകുല രതിദേവനെവിടെ, നിന്‍ മണിയറയിലെ, പാലരുവിക്കരയില്‍, കസ്തൂരി മണക്കുന്നല്ലോ, ചന്ദ്രോദയം കണ്ട്, ചെട്ടികുളങ്ങര ഭരണിനാളില്‍, ആയിരം അജന്താശില്പങ്ങളില്‍, രവിവര്‍മ്മച്ചിത്രത്തിന്‍ രതിഭാവമേ തുടങ്ങി നിരവധി ഗാനങ്ങള്‍ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു. ഇവയില്‍ ഭൂരിപക്ഷവും മലയാളികളുടെ മനസ്സില്‍ തലമുറ വ്യാത്യാസമില്ലാതെ നിറഞ്ഞുനില്‍ക്കുന്നവയാണ്.

സാമൂഹിക അകലത്തിന്റെ വിലങ്ങ് ഉള്ളതിനാല്‍ അദ്ദേഹത്തെ കാണാന്‍ സംഗീത പ്രേമികള്‍ക്കോ, സഹപ്രവര്‍ത്തകര്‍ക്കോ കഴിയാത്തത് ഏറെ വേദനയാവുകയാണ്. നിത്യഹരിതഗാനങ്ങളുടെ കുലപതിക്ക് മുന്നില്‍ ആയിരമായിരം പ്രണാമങ്ങള്‍…

Related post