• August 2, 2021

മൊബൈല്‍ ഡേറ്റാ , കോള്‍ നിരക്കുകള്‍ ഇനി പൊള്ളും , 42% വരെ അധിക വര്‍ധനവ്

 മൊബൈല്‍ ഡേറ്റാ , കോള്‍ നിരക്കുകള്‍ ഇനി പൊള്ളും , 42% വരെ അധിക വര്‍ധനവ്

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളായ വൊഡാഫോണ്‍ ഐഡിയ,എയര്‍ടെല്‍ എന്നിവ ടെലികോം നിരക്കുകള്‍ കുത്തനെ കൂട്ടി .ഇന്നുമുതല്‍ 42% വരെ അധിക തുക ഉപഭോക്താക്കള്‍ നല്‍കേണ്ടി വരും. ഈ നെറ്റ് വര്‍ക്കുകളിലെ മൊബൈല്‍ കോളുകള്‍ക്കും ഡാറ്റയ്ക്കുമെല്ലാം ആണ് അധിക നിരക്കു നല്‍കേണ്ടി വരിക. പുതിയ നിരക്കു വര്‍ധനയിലൂടെ മാത്രം വോഡഫോണ്‍ ഐഡിയയുടെ മൂന്നു മാസത്തെ വരുമാനത്തില്‍ 2,100 കോടി രൂപയുടെ വര്‍ധനയുണ്ടാകുമെന്ന് ഗവേഷക ഏജന്‍സിയായ ജെഎം ഫിനാന്‍ഷ്യല്‍ കണ്ടെത്തി. എയര്‍ടെല്ലിന്റെ വരുമാനം 2400 കോടി രൂപയാണ് വര്‍ധിക്കുക.


നിലവിലുള്ള വൊഡാഫോണ്‍ ഐഡിയ, എയര്‍ടെല്‍ പ്രീ പെയ്ഡ് പ്ലാനുകള്‍ പുതുക്കും. 2 ദിവസം, 28,84,365 ദിവസം എന്നിങ്ങനെ വാലിഡിറ്റിയുള്ള പ്ലാനുകള്‍ ആണ് വൊഡാഫോണിന് ഉള്ളത്.49 രൂപയുടെ കോംബോ പ്ലാനില്‍ 38 രൂപ ടോക് ടൈം, 100 എം.ബി ഡാറ്റ, 28 ദിവസം വാലിഡിറ്റി എന്നിങ്ങനെയാണ് പ്രത്യേകതകള്‍. 64 രൂപയുടെ ടോക് ടൈം ആണ് 79 രൂപയുടെ പ്ലാനിലൂടെ കിട്ടുന്നത്. 200 എംബി ഡാറ്റ 28 ദിവസം വാലിഡിറ്റി എന്നിവയാണ് പ്രത്യേകതകള്‍. 28 ദിവസം വാലിഡിറ്റിയുള്ള അണ്‍ലിമിറ്റഡ് പ്ലാനുകളും പ്രഖ്യാപിച്ചിട്ടുണ്ട്.


റിലയന്‍സ് ജിയോയുടെ വരവോടെയാണ് ഇന്ത്യയില്‍ കോള്‍, ഡാറ്റ നിരക്കുകള്‍ കുറഞ്ഞത്. ഇത് ടെലികോം സേവന ദാതാക്കളെ പ്രതിസന്ധിയിലാക്കിയെന്ന് ഈ രംഗത്തെ കമ്പനികള്‍ പറയുന്നു. 4 ജി സ്‌പെക്ട്രം, ലൈസന്‍സ് ഫീ ഇനത്തില്‍ കോടികളാണ് വൊഡാഫോണ്‍ ഐഡിയ ഉള്‍പ്പെടെയുള്ള കമ്പനികള്‍ സര്‍ക്കാരിന് നല്‍കാനുള്ളത്. ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഡാറ്റ ലഭ്യമാക്കുന്നത് ഇന്ത്യയില്‍ ആണെന്നതും ടെലികോം കമ്പനികളുടെ പ്രതിസന്ധി വര്‍ധിപ്പിച്ചു.

Related post