• October 22, 2021

പോലീസുകാരെ അണുവിമുക്തമാക്കാന്‍ മൊബൈല്‍ സാനിറ്റേഷന്‍ ബസ്

 പോലീസുകാരെ അണുവിമുക്തമാക്കാന്‍ മൊബൈല്‍ സാനിറ്റേഷന്‍ ബസ്

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട വാഹനപരിശോധനയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൊലീസുകാരെ അണുവിമുക്തമാക്കാന്‍ മൊബൈല്‍ സാനിറ്റേഷന്‍ ബസ് സജ്ജമായി. പുതിയ സംവിധാനം തിരുവനന്തപുരത്ത് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്തു.

പോലീസുകാരെ വിന്യസിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളിലും കൃത്യമായ ഇടവേളകളില്‍ എത്തുന്ന ഈ ബസില്‍ അണുനാശിനി തളിക്കാനുളള സംവിധാനമുണ്ട്.


പോലീസുകാര്‍ പിന്‍വാതിലിലൂടെ പ്രവേശിച്ച് ബസ്സിനുളളിലൂടെ കടന്ന് മുന്നില്‍ എത്തുന്ന സമയത്തിനുളളില്‍ അവരെ പൂര്‍ണ്ണമായും അണുവിമുക്തരാക്കാന്‍ ഈ സംവിധാനത്തിന് കഴിയും. എല്ലാ ജില്ലകളിലും ഈ സൗകര്യം ഉടന്‍ നിലവില്‍ വരും. തുടര്‍ച്ചയായ ജോലിക്കിടെ പോലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.

ലോക്ക്ഡൗണ്‍ ലംഘനം പരിശോധിക്കുന്നതിനായി ആയിരക്കണക്കിന് പൊലീസുകാരാണ് പൊതുനിരത്തുകളില്‍ ജോലി ചെയ്യുന്നത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൈയ്യുറകളും, മാസ്‌കും പൊലീസിന് നല്‍കിയിട്ടുണ്ടെങ്കിലും പൊലീസിനടയിലും കര്‍ശന ജാഗ്രത തുടരുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം തയാറാക്കിയത്. അണുനാശക സംവിധാനം ഘടിപ്പിച്ച മൊബൈല്‍ സാനിറ്റേഷന്‍ ബസ് വാഹനപരിശോധന ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉപയോഗിക്കാം.

Related post