• October 17, 2021

കൊറോണ ചികിത്സയുമായി മോഹനന്‍ വൈദ്യരെത്തി, പിന്നാലെ പൊലീസും

 കൊറോണ ചികിത്സയുമായി മോഹനന്‍ വൈദ്യരെത്തി, പിന്നാലെ പൊലീസും

‘കൊറോണ’ അടക്കം ഏതു രോഗത്തിനും ചികിത്സിക്കാമെന്ന വാഗ്ദാനവുമായി പട്ടിക്കാട് സെന്ററിലെ ഉഴിച്ചില്‍ കേന്ദ്രത്തില്‍ എത്തിയ മോഹനന്‍ വൈദ്യരെ ആരോഗ്യ വകുപ്പും പൊലീസും ചേര്‍ന്നു തടഞ്ഞുവച്ചിരിക്കുന്നു. ചികിത്സിക്കാനെത്തിയതല്ല, ആയുര്‍വേദ ഡോക്ടര്‍മാരുടെ ക്ഷണം സ്വീകരിച്ച് ഉപദേശം നല്‍കാന്‍ എത്തിയതാണെന്നു മോഹനന്‍ വൈദ്യരുടെ വാദം. ഇയാള്‍ നേരിട്ടു ചികിത്സ നടത്തിയിട്ടില്ലെന്നതിനാല്‍ അറസ്റ്റ് ചെയ്തിട്ടില്ല. ഡിഎംഒയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പു സംഘവും എസിപിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും ചോദ്യംചെയ്യുന്നു.

ചികിത്സാപ്പിഴവ് മൂലം ഒന്നര വയസ്സുകാരി മരിച്ചതുള്‍പ്പടെ നിരവധി പരാതികളുയര്‍ന്ന വ്യാജവൈദ്യനാണ് മോഹനന്‍ വൈദ്യര്‍. വൈറസ് രോഗബാധകള്‍ക്ക് ആധുനിക ശാസ്ത്രം പറയുന്ന മരുന്നുകള്‍ ഉപയോഗിക്കരുതെന്നും പാരമ്പര്യ വൈദ്യം മാത്രമാണ് പോംവഴിയെന്നും പറയുന്ന നിരവധി വീഡിയോകളാണ് മോഹനന്‍ വൈദ്യരുടെ ഫേസ്ബുക്ക് പേജിലുള്ളത്.

നരഹത്യ ഉള്‍പ്പടെ ചുമത്തി മോഹനന്‍ വൈദ്യരെ നേരത്തേ കേരളാ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. പ്രൊപ്പിയോണിക് അസീഡിമിയ എന്ന ജനിതകരോഗമുള്ള ഒന്നരവയസ്സുകാരിയെ ചികിത്സിച്ച മോഹനന്‍ വൈദ്യര്‍ ആധുനിക ചികിത്സയൊന്നും കുഞ്ഞിന് നല്‍കാന്‍ അനുവദിച്ചിരുന്നില്ല. ഈ അശാസ്ത്രീയചികിത്സാ രീതി കൊണ്ട് കുഞ്ഞ് മരിച്ചുവെന്ന പരാതിയുയര്‍ന്നതിനെത്തുടര്‍ന്നാണ് മോഹനന്‍ വൈദ്യരെ ഇതിന് മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ പുറത്തിറങ്ങിയ ശേഷവും മോഹനന്‍ വൈദ്യര്‍ പഴയ മട്ടിലുള്ള ചികിത്സ തുടരുകയായിരുന്നു. കര്‍ണാടകയിലടക്കം നിരവധി ഇടങ്ങളില്‍ വൈറല്‍ രോഗബാധകള്‍ക്കുള്ള മരുന്നുമായി ‘ജനകീയ നാട്ടുവൈദ്യശാല’ എന്ന പേരില്‍ 24 മണിക്കൂറും ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തി ചികിത്സ നടത്തുമെന്നാണ് ഏറ്റവും പുതിയ പോസ്റ്റില്‍ മോഹനന്‍ വൈദ്യര്‍ പറയുന്നത്. രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് വൈദ്യരുടെ പരിശോധനയെന്നാണ് പോസ്റ്റില്‍ പറയുന്നത്.

Related post