• October 28, 2021

മോട്ടറോളയില്‍നിന്ന് റേസറിൻ്റെ പുതിയ പതിപ്പ്

 മോട്ടറോളയില്‍നിന്ന് റേസറിൻ്റെ പുതിയ പതിപ്പ്

ലെനൊവൊയുടെ ഉടമസ്ഥതയിലുള്ള മോട്ടറോളയില്‍നിന്ന് റേസറിൻ്റെ പുതിയ പതിപ്പെത്തുന്നു.
6.2 ഇഞ്ച് ഫ്ലക്സിബിള്‍ ഒ.എല്‍.ഇ.ഡി. എച്ച്.ഡി. പ്ലസ് ഡിസ്‌പ്ലേയുള്ള ഫോണ്‍ മധ്യഭാഗത്തുവച്ചുതന്നെ മടക്കാം. മടക്കിക്കഴിയുമ്പോള്‍ ഫോണ്‍ നല്‍കുന്നത് 2.7 ഇഞ്ചിൻ്റെ ക്വിക്ക് വ്യൂ ഡിസ്‌പ്ലെയാണ്. നോട്ടിഫിക്കേഷനുകള്‍ കാണാനും മ്യൂസിക് നിയന്ത്രണത്തിനും സെല്‍ഫി എടുക്കുന്നതിനും ഉള്‍പ്പെടെയുള്ള ചില സവിശേഷതകള്‍ മടക്കിയ അവസ്ഥയില്‍ ലഭ്യമാകും. ഒക്ടാകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 710 പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. ആറ് ജി.ബി.യാണ് റാം. 16 മെഗാപിക്സലിൻ്റെ പ്രാഥമിക സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. ഫോണ്‍ മടക്കുന്ന അവസ്ഥയില്‍ അത് സെല്‍ഫി ക്യാമറയായി മാറും. ഇതുകൂടാതെ ഡിസ്‌പ്ലെ നോച്ചില്‍ അഞ്ച് മെഗാപിക്സലിന്റെ രണ്ടാം സെന്‍സറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മടക്കിയ അവസ്ഥയിലും അല്ലാത്ത അവസ്ഥയിലും ഉപയോഗിക്കാവുന്ന ഫിംഗര്‍പ്രിന്റ് സെന്‍സറാണ് ഫോണിലുള്ളത്.
ആന്‍ഡ്രോയിഡ് പൈ ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം. 4ജി എല്‍.ടി.ഇ., വൈഫൈ, ബ്ലൂടൂത്ത് 5.0, ജി.പി.എസ്., എ.ജി.പി.എസ്., യു.എസ്.ബി. ടൈപ്പ്-സി പോര്‍ട്ട് തുടങ്ങിയ കണക്ടിവിറ്റി സംവിധാനങ്ങളുണ്ട്. 2510 എം.എ.എച്ച്. ബാറ്ററിയാണുണ്ടാവുക. 15 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയ്ക്കും. 205 ഗ്രാം ഭാരമുള്ളതാണ് ഫോണ്‍.
കഴിഞ്ഞമാസം ആഗോളവിപണിയില്‍ അവതരിപ്പിച്ചതാണ് ഫോണ്‍. ക്വിക്ക് വ്യൂ പാനല്‍, മ്യൂസിക് കണ്‍ട്രോള്‍, ഗൂഗിള്‍ അസിസ്റ്റന്‍സ് തുടങ്ങിയ സവിശേഷതകള്‍ ഫോണിലുണ്ട്. ജനുവരിയില്‍ ഈ ഹൈ എന്‍ഡ് ഫോണ്‍ വിപണിയിലേക്ക് എത്തുമെന്നാണ് കരുതുന്നത്.

Related post