• June 15, 2021

എം.പി.വീരേന്ദ്ര കുമാര്‍ എം.പി. അന്തരിച്ചു; സംസ്‌കാരം ഇന്ന് 5ന് കൽപറ്റയിൽ

 എം.പി.വീരേന്ദ്ര കുമാര്‍ എം.പി. അന്തരിച്ചു; സംസ്‌കാരം ഇന്ന് 5ന് കൽപറ്റയിൽ

മുന്‍ കേന്ദ്രമന്ത്രിയും സാഹിത്യകാരനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.പി.വീരേന്ദ്ര കുമാര്‍ എം.പി.(84) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് ചാലപ്പുറത്തെ വസതിയിലുള്ള ഭൗതിക ശരീരം പതിനൊന്നുമണിയോടെ വയനാട്ടിലേക്ക് കൊണ്ടുപോകും. വൈകിട്ട് കല്‍പ്പറ്റയിലാണ് സംസ്‌കാരം. പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലായ് 22ന് വയനാട്ടിലെ കല്‍പറ്റയിലാണ് ജനനം. ഭാര്യ: ഉഷ. മക്കള്‍: ആഷ, നിഷ, ജയലക്ഷ്മി, എം.വി.ശ്രേയാംസ്‌കുമാര്‍(ജോയന്റ് മാനേജിങ് ഡയറക്ടര്‍-മാതൃഭൂമി).

48 മണിക്കൂറില്‍ താഴെ മാത്രം കേരളത്തില്‍ മന്ത്രിയായിരുന്നതിന്റെ ചരിത്രം സ്വന്തം പേരിലുള്ള വ്യക്തിയാണ് എം.പി.വീരേന്ദ്ര കുമാര്‍. 1987ല്‍ കല്‍പറ്റയില്‍നിന്നു ജനതാ പാര്‍ട്ടി ടിക്കറ്റില്‍ ആദ്യമായി നിയമസഭാംഗമായി,അന്ന് നായനാര്‍ മന്ത്രിസഭയില്‍ വനം മന്ത്രിയായ വീരേന്ദ്രകുമാര്‍, വനമേഖലകളില്‍നിന്ന് ഒരു മരവും മുറിക്കരുതെന്ന ഉത്തരവിട്ടതിനെത്തുടര്‍ന്നുള്ള വിവാദം മൂലമാണ് 48 മണിക്കൂറിനകം രാജിവച്ചത്. 2 തവണ ലോക്‌സഭയിലേക്കും ഒരു തവണ നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

തിരക്കേറിയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയിലും വായനയ്ക്കും ഗ്രന്ഥരചനയ്ക്കും അദ്ദേഹം സമയം കണ്ടെത്തി. വില്‍പനയില്‍ ചരിത്രം സൃഷ്ടിച്ച ഹൈമവതഭൂവില്‍, രാമന്റെ ദുഃഖം, ഗാട്ടും കാണാച്ചരടുകളും, ബുദ്ധന്റെ ചിരി, സമന്വയത്തിന്റെ വസന്തം, ആത്മാവിലേക്കൊരു തീര്‍ഥയാത്ര, പ്രതിഭയുടെ വേരുകള്‍ തുടങ്ങി ഒട്ടേറെ പുസ്തകങ്ങളുടെ ഗ്രന്ഥകര്‍ത്താവായ വീരേന്ദ്രകുമാര്‍ കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും ഓടക്കുഴല്‍, വയലാര്‍ അവാര്‍ഡുകളും ജ്ഞാനപീഠ സമിതിയുടെ മൂര്‍ത്തീദേവി പുരസ്‌കാരവും നേടിയിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി അംഗം, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ട്രസ്റ്റി, ഇന്റര്‍നാഷനല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് അംഗം, കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്‍ അംഗം, വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ്‌പേപ്പേഴ്‌സ് എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയ പദവികള്‍ വഹിക്കുന്നു.

Related post