• October 23, 2021

പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറച്ചു; രണ്ട് വര്‍ഷത്തേക്ക് എംപി ഫണ്ടില്ല

 പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറച്ചു; രണ്ട് വര്‍ഷത്തേക്ക് എംപി ഫണ്ടില്ല

പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറച്ച് കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കി. ഏപ്രില്‍ ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് ശമ്പളം, അലവന്‍സ്, പെന്‍ഷന്‍ എന്നിവയില്‍ ഒരു വര്‍ഷത്തേക്ക് 30 ശതമാനം കുറവുണ്ടാകും.ഇതിന് 1954ലെ മെമ്പേഴ്‌സ് ഓഫ് പാര്‍ലമെന്റ് ആക്ട് ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് ഇറക്കും.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ എന്നിവര്‍ സ്വമേധയാ ശമ്പളത്തിന്റെ 30 ശതമാനം വിട്ട് നല്‍കും. രണ്ട് വര്‍ഷത്തേക്ക് എംപി ഫണ്ട് താല്‍ക്കാലികമായി റദ്ദ് ചെയ്തു. ഈ തുക കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും.

ഇതിനായുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നല്‍കിയതായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി പ്രകാശ് ജാവഡേക്കര്‍ ഡല്‍ഹിയില്‍ പറഞ്ഞു. ഇത് ഏകദേശം 7900 കോടി രൂപയോളം വരും എന്നാണ് അറിയുന്നത്. ഇത്രയും തുക കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും എന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.


എല്ലാ എംപിമാരുടെയും പ്രാദേശിക വികസന ഫണ്ടില്‍നിന്നു പത്തുകോടി വീതം കോവിഡ് ഫണ്ടിലേക്കു മാറ്റും. രണ്ടു വര്‍ഷത്തേക്കു പ്രാദേശിക വികസന ഫണ്ട് സസ്‌പെന്‍ഡ് ചെയ്യാനും തീരുമാനമുണ്ട്.

Related post