• July 28, 2021

ട്രെയിനുകള്‍ പറക്കുമോ?

 ട്രെയിനുകള്‍ പറക്കുമോ?

പറക്കും കാന്തിക ശക്തിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ട്രെയിനുകളെയാണ് ‘മാഗ്‌ലെവുകള്‍’ എന്നു പറയുന്നത്. ജപ്പാനിലും ജര്‍മനിയിലുമാണ് ഇത്തരം ട്രെയിനുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. പാളങ്ങളില്‍ തൊടാതെയാണ് മാഗ് ലെവ് ഓടുന്നത്. അതുകൊണ്ട് തന്നെ ഘര്‍ഷണവും ഉണ്ടാകുന്നില്ല. വെടിയുണ്ട കണക്കേ പാഞ്ഞുപോകാന്‍ ഈ ട്രെയിനുകള്‍ക്ക് കഴിയും.

പാളങ്ങള്‍ക്ക് മുകളില്‍ അവയെ താങ്ങി നിര്‍ത്തുന്നത് ഒരു ‘കാന്തിക കുഷ്യന്‍’ ആണ്. ഇത്തരത്തിലുള്ള ട്രെയിനുകള്‍ക്ക് വീലുകള്‍ വേണോ? വേണം. സ്റ്റാര്‍ട്ട് ചെയ്യാനും സ്‌റ്റോപ് ചെയ്യാനും മാത്രം. ബാക്കി സമയത്തെല്ലാം പാളങ്ങള്‍ക്ക് 10 സെ.മി മുകളിലായി സഞ്ചരിക്കുന്നത് കൊണ്ട് വീലുകള്‍ ഉപയോഗിക്കേണ്ടി വരുന്നില്ല. പാളം തെറ്റുമെന്ന പേടിയും വേണ്ട.

ട്രെയിനുകള്‍ മാത്രമല്ല കാന്തിക ശക്തി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കപ്പലുകള്‍ക്കും ജപ്പാന്‍കാര്‍ രൂപം നല്‍കിയിട്ടുണ്ട്. എന്‍ജിനും പ്രൊപ്പല്ലറുമൊന്നും ആ കപ്പലില്ല. കപ്പലിനു കീഴെ ശക്തമായ കാന്തികവലയം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. എന്നിട്ട് അതിലൂടെ വൈദ്യുതി കടത്തി വിടുന്നു. ഇവ തമ്മില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉപ്പുവെള്ളത്തെ മുമ്പോട്ട് തള്ളും. അങ്ങനെ കപ്പല്‍ മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. ഓടുമ്പോള്‍ ശബ്ദമുണ്ടാവില്ല എന്നതാണ് ഇത്തരം കപ്പലുകളുടെ പ്രത്യേകത.

ഇത് യുദ്ധകപ്പലുകളുടെ നിര്‍മ്മാണത്തിനും മറ്റും വലിയ ഗുണം ചെയ്യും. ശബ്ദമുണ്ടാക്കാതെ മുന്നോട്ട് പോകുന്ന ഒരു മുങ്ങിക്കപ്പല്‍ കണ്ടെത്താന്‍ ശത്രുസൈന്യത്തിന് എളുപ്പമാകില്ല. മാത്രമല്ല, കടലിലെ ജീവജാലങ്ങള്‍ക്ക് ശല്യമുണ്ടാക്കാതെ അവയെക്കുറിച്ച് പഠിക്കുന്നതിനും ശബ്ദമില്ല കപ്പലുകള്‍ ഉപകരിക്കും. സാധാരണ കപ്പലുകളെക്കാള്‍ നന്നായി പ്രവര്‍ത്തിക്കാന്‍ ഇത്തരം കപ്പലുകള്‍ക്ക് കഴിയും. പക്ഷെ സൂപ്പര്‍ കണ്ടക്ടിവിറ്റിയിലും മറ്റുമുള്ള ശാസ്ത്രത്തിന്‌റെ വളര്‍ച്ചയെ ആശ്രയിച്ചിരിക്കും ഈ കപ്പലുകളുടെ ഭാവി.

Related post