• July 28, 2021

ഷഹീന്‍ ബാഗ് സമരത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി; പ്രതിഷേധം രാഷ്ട്രീയ മുതലെടുപ്പ്

 ഷഹീന്‍ ബാഗ് സമരത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി; പ്രതിഷേധം രാഷ്ട്രീയ മുതലെടുപ്പ്

പൗരത്വനിയമ ഭേദഗതിയ്‌ക്കെതിരെ നടക്കുന്ന ഷഹീന്‍ ബാഗ് സമരത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് റാലിയിലാണ് സമരത്തിനെതിരെ പ്രധാനമന്ത്രി സംസാരിച്ചത്.

കിഴക്കന്‍ ഡല്‍ഹിയിലെ ബിജെപിയുടെ സിറ്റിംഗ് മണ്ഡലമായ വിശ്വാസ് നഗറിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ നരേന്ദ്ര മോദി രൂക്ഷമായി വിമര്‍ശിച്ചത്.

ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും പ്രതിഷേധങ്ങളിലൂടെ അരാജകത്വം സൃഷ്ടിക്കുകയാണെന്നും നരേന്ദ്ര മോദി കുറ്റപ്പെടുത്തി. ഡല്‍ഹിയുടെ വോട്ടുകള്‍ക്കു മാത്രമെ ഇത് അവസാനിപ്പിക്കാന്‍ കഴിയൂ എന്നും, യഥാര്‍ത്ഥ ഗൂഢാലോചനക്ക് വേണ്ടി ഭരണഘടനയെയും ദേശീയപതാകയെയും മറയാക്കുകയാണെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.

ആം ആദ്മിയും കോണ്‍ഗ്രസും പ്രതിഷേധത്തില്‍ രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നു. ഷഹീന്‍ബാഗ് സമരത്തില്‍ ഡല്‍ഹിയിലെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. ഇന്നത്തെ ഷഹീന്‍ബാഗ് നാളെ മറ്റ് റോഡുകളിലേക്കും വ്യാപിച്ചേക്കാം. ഡല്‍ഹിയെ കീഴ്‌പ്പെടുത്താന്‍ അരാജക വാദികളെ അനുവദിക്കില്ല,’ പ്രധാനമന്ത്രി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ ബാഗില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം ലോക ശ്രദ്ധ നേടിയിരുന്നു. റിപ്പബ്ലിക് ദിനത്തിലുള്‍പ്പെടെ വന്‍ പ്രതിഷേധമായിരുന്നു ഷഹീന്‍ ബാഗില്‍ നടക്കുന്നത്. ഇവിടെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ നേരത്തെ ബിജെപിയുടെ നേതാക്കള്‍ രംഗത്തെത്തിയിരുന്നെങ്കിലും പ്രധാനമന്ത്രി പ്രതികരിച്ചിരുന്നില്ല.

Related post