• June 15, 2021

ന്യൂസിലന്‍ഡിലെ അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടു

 ന്യൂസിലന്‍ഡിലെ അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടു

ന്യൂസിലന്‍ഡിലെ അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടു. മിഡില്‌മോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗിയാണ് ബുധനാഴ്ച ആശുപത്രി വിട്ടത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ രാജ്യത്ത് ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതേ തുടര്‍ന്ന് ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്.

അമ്പത് ലക്ഷത്തോളം ജനസംഖ്യയുള്ള ന്യൂസീലന്‍ഡില്‍ ആകെ 1504 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 21 പേര്‍ മരണപ്പെട്ടു. ബാക്കി 1462 പേരും രോഗമുക്തരായി. കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ രാജ്യം ശക്തമായ പ്രതിരോധ നടപടികളാണ് സ്വീകരിച്ചത്. 10 പേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നത് രാജ്യത്ത് നിരോധിച്ചിരുന്നു. കൊവിഡ് രോഗബാധ ഗണ്യമായി കുറഞ്ഞതോടെ മെയ് 29 മുതല്‍ മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ട് ഇത് 100 പേരാക്കി ഇളവ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഏപ്രിലിലാണ് ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ ഏറ്റവും കൂടുതലായി അഡ്മിറ്റ് ചെയ്യപ്പെട്ടത്. അപ്പോഴും പരമാവധി 20 പേര്‍ മാത്രമേ ഒരേ സമയം ചികിത്സ തേടിയിരുന്നുള്ളൂ. ആകെ 5 പേരെ മാത്രമാണ് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഇതും ഏപ്രിലില്‍ ആയിരുന്നു.

ഫെബ്രുവരി 28നാണ് രാജ്യത്ത് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. അന്ന് മുതല്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. മാര്‍ച്ച് 14ന് രാജ്യത്തേക്ക് വരുന്ന ആളുകള്‍ രണ്ടാഴ്ച സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദ്ദേശം നല്‍കി. അപ്പോള്‍ 6 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മാര്‍ച്ച് 19ന് മറ്റു രാജ്യങ്ങളില്‍ നിന്ന് രാജ്യത്തേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി. അപ്പോള്‍ 28 കേസുകളാണ് ഉണ്ടായിരുന്നത്. മാര്‍ച്ച് 23 ആയപ്പോഴേക്കും രോഗബാധ 103 ആയി ഉയര്‍ന്നു. അന്ന് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

Related post