• December 3, 2021

നിർഭയ കേസ് : വധശിക്ഷ ഫെബ്രവരി 1 ന്

 നിർഭയ കേസ് : വധശിക്ഷ ഫെബ്രവരി 1 ന്

നിർഭയ പ്രതി മുകേഷ് സിങിൻറെ ദയാ ഹർജി പ്രസിഡന്റ് രാം നാഥ് കോവിന്ദ് വെള്ളിയാഴ്ച തള്ളിയതിനെത്തുടർന്ന് സെഷൻസ് കോടതി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചു. ഫെബ്രുവരി 1 ന് രാവിലെ , 6 മണിക്കാണ് തൂക്കിലേറ്റണമെന്നാണ് പുതിയ വാറണ്ടിൽ പറഞ്ഞിരിക്കുന്നത്.

ജനുവരി 7 നാണ് സെഷൻസ് കോടതി നാല് പ്രതികളെ ജനുവരി 22 ന് രാവിലെ 7 മണിക്ക് തിഹാർ ജയിലിൽ വച്ച് തൂക്കിലേറ്റണമെന്ന് വിധി വരുന്നത്. എന്നാൽ പ്രതികളിലൊരാളായ മുകേഷ് സിങ് , തിരുത്തൽ ഹർജിയും ,ദയാ ഹർജിയും നൽകിയ സാഹചര്യത്തിൽ പുതിയ തീയതി പ്രഖ്യാപിക്കേണ്ടി വന്നു. ദയാഹർജി തള്ളി 14 ദിവസത്തിനു ശേഷമാകണം വധശിക്ഷയെന്ന ചട്ടപ്രകാരമാണു ഫെബ്രുവരി 1 എന്ന പുതിയ തീയതി നിശ്ചയിച്ചത്..

ഏതെങ്കിലും ദയാ ഹർജിയിൽ രാഷ്ട്രപതി ഇത്ര വേഗത്തിൽ തീരുമാനമെടുക്കുന്ന ആദ്യ സന്ദർഭമാണിത്. സാധാരണ രാഷ്ട്രപതി തീരുമാനമെടുക്കാൻ മാസങ്ങളെടുക്കും . 2017 ജൂലൈയിൽ ആഭ്യന്തര മന്ത്രാലയം കെെമാറിയ ദയാ ഹർജിയിൽ തീരുമാനമെടുക്കാൻ ഒമ്പത് മാസത്തിലധികം സമയമെടുത്തിരുന്നു. എരുമയെ മോഷ്ടിച്ചെന്നാരോപിച്ച് അഞ്ച് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് അംഗങ്ങളെ ജീവനോടെ ചുട്ടുകൊന്നതുമായി ബന്ധപ്പെട്ടായിരുന്നു ഹരജി. എന്നാൽ നിർഭയ കേസിൽ മണിക്കൂറുകൾ മാത്രമേ വേണ്ടി വന്നുള്ളൂ.

കോവിന്ദിന്റെ മുൻഗാമിയായ പ്രണബ് മുഖർജി തന്റെ അഞ്ചുവർഷത്തെ പ്രസിഡന്റ് പദവിയിൽ അദ്ദേഹത്തിന് മുന്നിൽ തീർപ്പുകൽപ്പിച്ച 32 ദയാഹർജികളായിരുന്നു.അതിൽ 32 ദയാഹർജികളിൽ 28 എണ്ണം അദ്ദേഹം നിരസിച്ചിരുന്നു.

എന്നാൽ കേസിലെ മറ്റു 3 പ്രതികളായ വിനയ് ശർമ (26), പവൻ ഗുപ്ത (25), അക്ഷയ്കുമാർ സിങ് (31) എന്നിവർ ദയാഹർജി നൽകിയാൽ വധശിക്ഷ വീണ്ടും വെെകും.ശിക്ഷ പരമാവധി വൈകിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പലപ്പോഴായി ദയാഹർജി നൽകുന്നതിന് പിന്നിലുള്ള നീക്കം. 2012 ൽ സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയായിരുന്നില്ലെന്ന വാദവുമായി പവൻ ഗുപ്ത സുപ്രീം കോടതിയിൽ വേറെ ഹർജി നൽകിയിട്ടുമുണ്ട്.

അതേസമയം പ്രതികളിലൊരാളായ പവന്‍ ഗുപ്ത വെള്ളിയാഴ്ച വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ 19ലെ ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടാണ് പവന്‍ ഗുപ്തയുടെ പുതിയ ഹര്‍ജി. 2012ല്‍ കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല, അതുകൊണ്ട് കുട്ടികുറ്റവാളിയായി പരിഗണിച്ച് വിചാരണ ചെയ്യണമെന്ന് ആവശ്യമുന്നയിച്ചായിരുന്നു നേരത്തെ പവന്‍ ഗുപ്ത കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളുകയായിരുന്നു. ഇതിനെതിരേയാണ് പ്രതിയുടെ പുതിയ ഹര്‍ജി.

മുകേഷ് സിങിനും, പവന്‍ ഗുപ്തയ്ക്കും പുറമേ വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നീ പ്രതികളെയാണ് ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റുക. കേസിലെ മറ്റൊരു പ്രതി റാം സിങ് വിചാരണയ്ക്കിടെ നേരത്തെ തിഹാര്‍ ജയിലില്‍ വച്ച് ആത്മഹത്യ ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി ജുവനൈല്‍ നിയമപ്രകാരം മൂന്ന് വര്‍ഷത്തെ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങുകയും ചെയ്തു.

തിരുത്തൽ ഹർജി തള്ളിയ സാഹചര്യത്തിൽ , കോടതിയിൽ പരാതികൾ പരിഹരിക്കുന്നതിനായി ലഭ്യമായ അവസാനത്തെ നിയമപരമായ സാധ്യതയാണ് ക്യൂറേറ്റീവ് നിവേദനം, ഇത് സാധാരണയായി ഒരു ജഡ്ജി, ചേംബറിൽ തീരുമാനിക്കും. അപൂർവ സന്ദർഭങ്ങളിൽ മാത്രമാണ് ഇത്തരം അപേക്ഷകൾക്ക് തുറന്ന കോടതി വാദം കേൾക്കുന്നത്.

Related post