• June 24, 2021

നിർഭയയ്ക്ക് നീതി ;പ്രതികളുടെ വധശിക്ഷ നടപ്പിലാക്കി

 നിർഭയയ്ക്ക് നീതി ;പ്രതികളുടെ വധശിക്ഷ നടപ്പിലാക്കി

എട്ട് വർഷം നീണ്ടു നിന്ന നിയമ യുദ്ധത്തിനൊടുവിൽ നിർഭയയ്ക് നീതി ലഭിച്ചു.ലോക മനസ്സാക്ഷിയെ തന്നെ ഞെട്ടിച്ച നിർഭയാ കൂട്ട ബലാൽത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കി. ഇന്ന് രാവിലെ 5.30 ഓടെയാണ് നിർഭയ കേസിലെ നാല് പ്രതികളായ മുകേഷ് സിംഗ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിംഗ് (31) എന്നിവരെ തിഹാർ ജയിലിൽ തൂക്കിലേറ്റിയത്.

ജനുവരി 22, ഫെബ്രുവരി 1, മാര്‍ച്ച്‌ 3 എന്നീ തീയതികളില്‍ വധശിക്ഷ നട‌പ്പാക്കാന്‍ മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികളുടെ ഹര്‍ജികള്‍ നിലനിന്ന സാഹചര്യത്തില്‍ ഇതെല്ലാം റദ്ദാക്കുകയായിരുന്നു. തൂക്കിലേറ്റുന്നതിന്റെ തലേദിവസം വരെ വധശിക്ഷ ഒഴിവാക്കാന്‍ ദയാഹര്‍ജികളും പുനഃപരിശോധനാ ഹര്‍ജികളും തിരുത്തല്‍ ഹര്‍ജികളുമടക്കം നിയമം അനുവദിക്കുന്ന എല്ലാ സാധ്യതകളും പ്രതികള്‍ നോക്കി. എന്നാല്‍ ഒടുവില്‍ നീതിപീഠങ്ങളും രാഷ്ട്രപതിയും അവയെല്ലാം തള്ളി. ഏറ്റവുമൊടുവില്‍ രാജ്യാന്തര നീതിന്യായ കോടതിയെ പോലും പ്രതികള്‍ സമീപിച്ചു. അവിടുന്നും പ്രതികൾക്ക് രക്ഷപ്പെടാനായില്ല.

2012 ഡിസംബർ 16 നാണ് ഓടിക്കൊണ്ടിരുന്ന ബസിൽ പാരാമെഡിക്കൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയാകുന്നത്. ചികിത്സയിലായിരിക്കെ ഡിസംബർ 29ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ വച്ചു മരിച്ചു. ആറ് പ്രതികളുള്ള കേസിൽ ഒന്നാം പ്രതി റാം സിംഗ് ജയിലിൽ വച്ച് തൂങ്ങി മരിച്ചു. ഒരു പ്രതിയെ പ്രായപൂർത്തിയാകാത്തതിനെ തുടർന്ന് വിട്ടയച്ചിരുന്നു.

ആരാച്ചാര്‍ പവന്‍ ജല്ലാദാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത് .നാലുമണിയോടെ പ്രതികളെ ഉണര്‍ത്തി സുപ്രീം കോടതിയുടെ ഹര്‍ജി തള്ളിയ വിവരം അറിയിച്ചു. കുടുംബാംഗങ്ങളെ ഒരിക്കല്‍കൂടി കാണണമെന്ന പ്രതികളുടെ ആവശ്യം തിഹാര്‍ അധികൃതര്‍ തള്ളിക്കളഞ്ഞിരുന്നു. ആരോഗ്യ പരിശോധനയും മറ്റ് നടപടികളും പൂര്‍ത്തിയാക്കിയ ശേഷം പുലര്‍ച്ചെ 5.30 ന് നാലുപേരെയും ഒരുമിച്ച്‌ തൂക്കിലേറ്റുകയായിരുന്നു.

അന്ത്യാഭിലാഷം അറിയിക്കാന്‍ ചട്ടപ്രകാരം ആവശ്യപ്പെട്ടെങ്കിലും നാലുപേരും ആഗ്രഹങ്ങള്‍ ഒന്നും പറഞ്ഞില്ല. സമ്മര്‍ദ്ദത്തിലായ നാലുപേരും ചായകുടിക്കാനോ കുളിക്കാനോ തയ്യാറായില്ല. മതഗ്രന്ധം വായിക്കാനോ ഇഷ്ടഭക്ഷണം അടങ്ങിയ പ്രാതൽ കഴിക്കാനോ പോലും പ്രതികൾ കൂട്ടാക്കിയില്ല.കറുത്ത പരുത്തി തുണികൊണ്ട് മുഖം മറച്ച് കൈകൾ പുറകിൽ കെട്ടിയാണ് പ്രതികളെ എക്സിക്യൂഷൻ ചേംബറിലേക്ക് എത്തിച്ചത്. ശിക്ഷ നടപ്പാക്കി അരമണിക്കൂറോളം മൃതദേഹങ്ങൾ കഴുമരത്തിൽ തന്നെ വച്ചശേഷമാണ് ആശുപത്രിയിലേക്ക് മാറ്റി.

മൃതദേഹം പൊതുദർശനത്തിന് വയ്ക്കുകയോ സംസ്‌കാരം വൈകിപ്പിക്കുകയോ ചെയ്യരുതെന്ന് പൊലീസ് നിർദേശിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നാണ് വിവരം. വിധിനടപ്പാക്കിയ സമയം സുപ്രീം കോടതിയുടെ സമീപം നിര്‍ഭയയുടെ അമ്മ ആശാ ദേവിയും ഭര്‍ത്താവും ഉണ്ടായിരുന്നു. തിഹാർ ജയിലിന്റെ ചരിത്രത്തിൽ ആദ്യമായാണ് നാല് പ്രതികളെ ഒരേ സമയത്ത് തൂക്കിലേറ്റുന്നത്. 2013 ഫെബ്രുവരി ഒൻപതിന് പാർലമെന്റ് ആക്രമണ കേസിലെ അഫ്സൽ ഗുരുവിനെയാണ് ഒടുവിലായി ഇവിടെ തൂക്കിലേറ്റിയത്.

Related post