• December 3, 2021

വധശിക്ഷ ഒരിക്കലും നടപ്പാക്കില്ലെന്ന് പ്രതികളുടെ അഭിഭാഷകന്‍ വെല്ലുവിളിക്കുന്നു: നിര്‍ഭയയുടെ അമ്മ

 വധശിക്ഷ ഒരിക്കലും നടപ്പാക്കില്ലെന്ന് പ്രതികളുടെ അഭിഭാഷകന്‍ വെല്ലുവിളിക്കുന്നു: നിര്‍ഭയയുടെ അമ്മ

ഫെബ്രുവരി 1ന് രാവിലെ ആറ് മണിക്ക് വധശിക്ഷയ്ക്ക് വിധിച്ച നിര്‍ഭയ കേസിലെ പ്രതികളുടെ ശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുന്നതിനിടെയാണ് കോടതിയുടെ നിര്‍ണായക വിധിയുണ്ടായത്. പട്യാല ഹൗസ് കോടതി ജസ്റ്റിസ് ധര്‍നമേന്ദ്രറാണ് പ്രതികളുടെ മരണ വാറണ്ട് സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. മരണവാറണ്ട് സ്റ്റേ ചെയ്തതിന് പിന്നാലെ പൊട്ടിക്കരഞ്ഞുകൊണ്ട് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു. വധശിക്ഷ ഒരിക്കലും നടപ്പാക്കില്ലെന്ന് പ്രതികളുടെ അഭിഭാഷകന്‍ എ.പി. സിങ്ങ് മുഖത്തുനോക്കി വെല്ലുവിളിച്ചെന്ന് നിര്‍ഭയയുടെ അമ്മ പരാതിപ്പെട്ടു.

‘കുറ്റവാളികള്‍ക്ക് മുമ്പില്‍ സര്‍ക്കാറും കോടതിയും തലകുനിക്കുകയാണ്. രാവിലെ 10 മണി മുതല്‍ കോടതി വരാന്തയിലിരിക്കുന്നുണ്ട്. ഈ കൊടും കുറ്റവാളികളെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കാനാണ് കോടതി ആഗ്രഹിക്കുന്നുവെങ്കില്‍, പിന്നെ എന്തിനാണ് ഇത്രയും സമയം എടുക്കുന്നത്? എന്തിനാണ് ഞങ്ങള്‍ക്ക് ഇത്രയും പ്രതീക്ഷ നല്‍കിയത്? എന്തിന് ഞങ്ങളെ ഇത്രയും സമയം പ്രതീക്ഷ നല്‍കി വീട്ടിലേക്ക് അയക്കാതെ ഞങ്ങളെ ഇവിടെ ഇരുത്തി?’ -ആശാ ദേവി ചോദിക്കുന്നു. നീതി നടപ്പാകുമെന്ന് പ്രതീക്ഷയില്ലെന്നും പോരാട്ടം തുടരുമെന്നും ആശാദേവി പറഞ്ഞു. അനന്തകാലത്തേക്ക് വധശിക്ഷ നടക്കില്ലെന്ന് പ്രതികള്‍ വെല്ലുവിളിക്കുകയാണ്. കോടതിയും സര്‍ക്കാരും കുറ്റവാളികള്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. ഇവര്‍ക്ക് ശിക്ഷ നല്‍കിയില്ലെങ്കില്‍ ഭരണഘടന തന്നെ കത്തിച്ചുകളയണമെന്നും നിര്‍ഭയയുടെ അമ്മ പറഞ്ഞു.

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുള്ള പട്യാലകോടതി വിധി വന്നതിന് പിന്നാലെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് നിര്‍ഭയയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഈ നാട്ടില്‍ പെണ്‍ക്കുട്ടികള്‍ക്ക് ഒരു വിലയുമില്ലെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു. പ്രതികള്‍ നിയമ വ്യവസ്ഥയെ പരിഹസിക്കുകയാണ്. ഈ വ്യവസ്ഥയില്‍ വിശ്വാസമില്ലെന്നും നിര്‍ഭയയുടെ അമ്മ കൂട്ടിച്ചേര്‍ത്തു.

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് പ്രതികളുടെ വധശിക്ഷ നീട്ടിവെച്ചിരിക്കുന്നത്. വധശിക്ഷയ്ക്ക് എതിരെ കേസിലെ പ്രതിയായ വിനയ് ശര്‍മ്മ നല്‍കിയ ഹര്‍ജിയിലാണ് ദില്ലി പട്യാല കോടതിയുടെ നടപടി. വധശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ തിഹാര്‍ ജയിലില്‍ നടക്കുന്നതിനിടെയാണ് കോടതിയുടെ ഉത്തരവ്. ഫെബ്രുവരി 1 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വധശിക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ അക്ഷയ് കുമാര്‍ വിനയ് ശര്‍മ എന്നിവരാണ് ഹര്‍ജി നല്‍കിയത്. തങ്ങളുടെ ദയാഹര്‍ജിയില്‍ രാഷ്ട്രപതി ഇതുവരെയും തീരുമാനമെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും ഹര്‍ജി സമര്‍പ്പിച്ചത്.

Related post