• June 20, 2021

നിസര്‍ഗ ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും;സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം

 നിസര്‍ഗ ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും;സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം

അറബിക്കടലില്‍ രൂപപ്പെട്ട നിസര്‍ഗ ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീരം തൊടുന്നതിന് മുമ്പ് നിസര്‍ഗ ശക്തിയാര്‍ജ്ജിച്ച് ശക്തമായ ചുഴലിക്കാറ്റായി മാറും. മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വരെയും ചില നേരങ്ങളില്‍ 120 കിലോമീറ്റര്‍ വരെ വേഗതയിലുമായിരിക്കും നിസര്‍ഗ വീശിയടിക്കുക.

ഇന്ന് വൈകുന്നേരത്തോടെ മഹാരാഷ്ട്രയിലെ ഹരിഹരേശ്വറിനും ദാമനും ഇടയില്‍ നിസര്‍ഗ കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക് കൂട്ടല്‍. മഹാരാഷ്ട്ര ഗുജറാത്ത് തീരങ്ങളില്‍ ജാഗ്രത മുന്നറിയിപ്പ് നല്‍കി. ഗോവ, പാഞ്ചിമില്‍ നിന്ന് 290 കിലോമീറ്ററും, മഹാരാഷ്ട്ര മുംബൈയില്‍ നിന്ന് 310 കിലോമീറ്ററും, ഗുജറാത്തിലെ സൂറത്തില്‍ നിന്നും 530 കിലോമീറ്ററും അകലെയാണ് നിലവില്‍ നിസര്‍ഗയുടെ സ്ഥാനം.

അതേ സമയം കാലവര്‍ഷം ശക്തിയാര്‍ജിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കുള്ള സാധ്യതയുണ്ട്. മധ്യകേരളത്തിലും, വടക്കന്‍ കേരളത്തിലും മഴ കനത്തേക്കും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ യല്ലോ അലേര്‍ട്ട്. നാളെ ആറ് ജില്ലകളില്‍ യല്ലോ അലേര്‍ട്ട് ഉണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും, മലയോര മേഖലകളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത.

കടലില്‍ ശക്തമായ കാറ്റിനും, കടലാക്രമണ ഭീഷണിയും നിലനില്‍ക്കുന്നു. പൊതുജനങ്ങളും ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി. കേരള തീരത്ത് മത്സ്യ ബന്ധനത്തിനേര്‍പ്പെടുത്തിയ പൂര്‍ണ നിരോധനം തുടരുകയാണ്.’

Related post