• October 23, 2021

അതിജീവിച്ചവരുടെ രക്തം കൊറോണയെ പിടിച്ചുകെട്ടുമോ?

 അതിജീവിച്ചവരുടെ രക്തം കൊറോണയെ പിടിച്ചുകെട്ടുമോ?

കോവിഡ് -19 ചികിത്സാപദ്ധതിയിൽ നിർണായക മുന്നേറ്റം. രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവർക്ക് രോഗത്തെ അതിജീവിച്ചവരുടെ രക്തം നൽകാൻ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നിയന്ത്രിതാനുമതി നൽകി. ചൊവ്വാഴ്ച അംഗീകരിച്ച പുതിയ അടിയന്തര പ്രോട്ടോക്കോൾ പ്രകാരമാണ് രോഗത്തെ അതിജീവിച്ചവരിൽ നിന്ന് പ്ലാസ്മ നൽകാൻ ഡോക്ടർമാർക്ക് അനുവാദം നൽകിയത്.


രോഗമുക്തി നേടിയവരുടെ രക്തത്തിൽ നിന്ന് വേർതിരിച്ചെടുത്ത ആന്റിബോഡി അടങ്ങിയ പ്ലാസ്മ ഉപയോഗിച്ച് കൊറോണ വൈറസ് രോഗികൾക്ക് ചികിത്സ ആരംഭിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ന്യൂയോർക്ക് ഭരണകൂടം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് എഫ്.ഡി.എയുടെ തീരുമാനം.


കൊറോണ വൈറസ് ബാധിച്ച ആളുകളിൽ പ്ലാസ്മ ചികിത്സ ഫലവത്താണെന്നതിനു നിലവിൽ തെളിവില്ല. എന്നാൽ മുൻപ് മറ്റ് പല രോഗങ്ങൾക്കും ഈ രീതി പരീക്ഷിച്ചിട്ടുണ്ട്.
രോഗാവസ്ഥയിൽ നിന്ന് കരകയറാൻ ദാതാവിനെ സഹായിച്ച ആന്റിബോഡികൾ കൺവാലസെന്റ് പ്ലാസ്മയിൽ അടങ്ങിയിരിക്കുമെന്നതിനാൽ രോഗമുള്ളവരെ ഈ ചികിത്സാരീതി വഴി രക്ഷപെടുത്താമെന്നാണ് വിലയിരുത്തൽ.


ആധുനിക വാക്സിനുകൾക്കും ആന്റിവൈറൽ മരുന്നുകൾക്കും മുമ്പുള്ള കാലഘട്ടത്തിൽ, 1918-ലെ ഒരു പകർച്ചപ്പനിക്ക്, ഈ രീതി ഉപയോഗിച്ചിരുന്നു.കൂടുതൽ വിദഗ്ദ്ധ ചികിത്സാരീതികൾ വികസിപ്പിക്കുന്നതുവരെ കൊറോണ വൈറസിനെ നേരിടാനുള്ള ഏറ്റവും നല്ല മാർഗമായിരിക്കും ഇതെന്നും ചില വിദഗ്ധർ വാദിക്കുന്നുണ്ട്.


ഇതൊരു പുതിയ ആശയമല്ലെന്നും നൂറുവർഷത്തിലേറെ പഴക്കമുള്ള രീതിയാണെന്നും വാഷിങ്ടൺ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.ജെഫ്രി ഹെൻഡേഴ്സൺ പറഞ്ഞു.
2002-ൽ സാർസ് രോഗം പൊട്ടിപുറപ്പെട്ട അവസരത്തിൽ ചൈന ഈ രീതി ഉപയോഗിച്ചിരുന്നതായും അത് ഫലം കണ്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്.

Related post