• October 21, 2021

കോവിഡ് ഭീതിയിലും മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ

 കോവിഡ് ഭീതിയിലും മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ

കോവിഡ് ഭീതിക്കിടെ മിസൈല്‍ പരീക്ഷണവുമായി ഉത്തര കൊറിയ. കൊറിയയുടെ കിഴക്കന്‍ തീരത്ത് രണ്ടു ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ ഉത്തര കൊറിയ പരീക്ഷച്ചതായി ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഉത്തര കൊറിയയുടെ പ്യോന്‍ഗാന്‍ പ്രവിശ്യയിലാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. അനുചിതമായ നേരത്താണ് ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയതെന്ന് ദക്ഷിണ കൊറിയ ആരോപിച്ചു. ഒരു മാസത്തിനിടെ മൂന്നാമത്തെ മിസൈല്‍ പരീക്ഷണമാണിതെന്നും ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചു.

ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം ഉത്തര കൊറിയയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലനിനില്‍ക്കുന്ന കൊറിയയില്‍ നിന്നുള്ള രോഗവിവരം സര്‍ക്കാര്‍ മറച്ചുവെക്കുന്നതായിരിക്കാമെന്നാണ് സന്നദ്ധ സംഘടനകള്‍ നല്‍കുന്ന സൂചന. വൈറസ് പ്രതിരോധത്തിനായി ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നാണ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് വിദേശികള്‍ ഉള്‍പ്പടെ ക്വാറന്റയിനിലുണ്ടായിരുന്ന 2,500 പേരെ രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ റിലീസ് ചെയ്തതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

255 മൈല്‍ ദൂരത്തില്‍ നടത്തിയ പരീക്ഷണം ജപ്പാന്‍ – ഉത്തര കൊറിയന്‍ അതിര്‍ത്തിയില്‍ വരുന്ന സമുദ്രഭാഗത്തേക്കാണ് വിക്ഷേപണം നടത്തിയത്. മിസൈലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Related post