• July 27, 2021

വധിച്ചിട്ടില്ല; കിം ക്യോങ് ഹൂയി കിം ജോങ് ഉന്നിനോടൊപ്പം പൊതുവേദിയില്‍

 വധിച്ചിട്ടില്ല; കിം ക്യോങ് ഹൂയി കിം ജോങ് ഉന്നിനോടൊപ്പം പൊതുവേദിയില്‍

കിം ജോങ് ഉന്‍ പിതൃസഹോദരിയെ വധിച്ചിട്ടില്ല. ആറ് വര്‍ഷങ്ങള്‍ക്കുശേഷം ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനൊപ്പം വേദിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഉത്തരകൊറിയയിലെ മുന്‍ നേതാവായ കിങ് ജോങ് രണ്ടാമന്റെ ഒരേയൊരു സഹോദരിയായ കിം ക്യോങ് ഹൂയി. പ്യോങ്യാഭില്‍ കിം ജോങ് ഉന്നിനും ഭാര്യക്കുമൊപ്പം വേദി പങ്കിടുന്ന പിതൃസഹോദരിയുടെ ചിത്രങ്ങള്‍ ഉത്തര കൊറിയയിലെ ഔദ്യോഗിക വൃത്തങ്ങള്‍ പുറത്തുവിട്ടു. പുതുവര്‍ഷാഘോഷ പരിപാടികളില്‍ മുഖ്യാതിഥിയായാണ് കിം ക്യോങ് ഹൂയിയെത്തിയത്. പിതൃസഹോദരിയായ ഇവരെ വധശിക്ഷയ്ക്ക് വിധിച്ചുവെന്ന അഭ്യൂഹങ്ങള്‍ വ്യാപകമാവുന്നതിന്റെ ഇടയിലാണ് സംഭവം.

പ്യോങ്ങ്യാങ്ങിലെ തിയറ്ററില്‍ ശനിയാഴ്ച നടന്ന ആഘോഷപരിപാടികള്‍ വീക്ഷിക്കുന്ന കിം ക്യോങ്ങിന്റെ ചിത്രം ഉത്തര കൊറിയന്‍ പത്രങ്ങളും പുറത്തുവിട്ടു. കിം ജോങ് ഉന്നിനും ഭാര്യ റി സോള്‍ ജുവിനും ഒപ്പമിരുന്നായിരുന്നു സംജിയോന്‍ തിയറ്ററിലെ ആഘോഷങ്ങള്‍ക്ക് കിം ക്യോങ് സാക്ഷ്യം വഹിച്ചത്. ഒരുകാലത്ത് വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ഡിപ്പാര്‍ട്ട്‌മെന്റല്‍ ഡയറക്ടറായും ഫോര്‍സ്റ്റാര്‍ ആര്‍മി ജനറലായും കിം ക്യോങ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2008ല്‍ കിം ജോങ് രണ്ടാമന് മസ്തിഷ്‌കാഘാതം ഉണ്ടായതിനു പിന്നാലെ കിം ജോങ് ഉന്നിനെ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നതിലും ഇവര്‍ക്കു നിര്‍ണായക പങ്കുണ്ടെന്നാണു കരുതുന്നത്.

2013ല്‍ കിം ജോങ് ഇല്ലിന്റെ രണ്ടാം ചരമവാര്‍ഷികാചരണ ചടങ്ങിലും കിം ക്യോങ്ങിന്റെ അസാന്നിധ്യം ശ്രദ്ധേയമായി. ഔദ്യോഗിക ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എയില്‍ പിന്നീട് അവരുമായി ബന്ധപ്പെട്ട യാതൊരു വാര്‍ത്തകളും വന്നതുമില്ല. കിം ക്യോങ് മരിച്ചതായി വാര്‍ത്തകളും വന്നുതുടങ്ങി. അവരെ വധശിക്ഷയ്ക്കു വിധിച്ചെന്നും അതല്ല ആരോഗ്യപ്രശ്‌നങ്ങളാണെന്നും റിപ്പോര്‍ട്ടുകളുണ്ടായി. ഹൃദയത്തിനും കരളിനും കിം ക്യോങ്ങിനു പ്രശ്‌നങ്ങളുമുണ്ടായിരുന്നു.

യുഎസിനെതിരെ ഉള്‍പ്പെടെ നിലപാട് ശക്തമാക്കുന്നതിന്റെ ഭാഗമായി കുടുംബത്തിന്റെ പിന്തുണയും തനിക്കുണ്ടെന്ന് ലോകത്തെ അറിയിക്കാനാണ് പുതിയ നീക്കമെന്നാണു നിരീക്ഷകര്‍ പറയുന്നത്. ക്രൂരനായ ഏകാധിപതി എന്ന പേരില്‍ നിന്നു തല്‍ക്കാലത്തേക്കെങ്കിലും രക്ഷ നേടാനും കിം ജോങ് ഉന്‍ ശ്രമിക്കുന്നതായി അവര്‍ വ്യക്തമാക്കുന്നു.

Related post