• October 23, 2021

മതാചാരങ്ങള്‍ക്കുവേണ്ടി ഈ സമയത്ത് ഒത്തുകൂടരുത്, ദൈവം നമ്മുടെ ഉള്ളിലാണുണ്ടാവേണ്ടത്: എ.ആര്‍ റഹ്‌മാൻ

 മതാചാരങ്ങള്‍ക്കുവേണ്ടി ഈ സമയത്ത് ഒത്തുകൂടരുത്, ദൈവം നമ്മുടെ ഉള്ളിലാണുണ്ടാവേണ്ടത്: എ.ആര്‍ റഹ്‌മാൻ

കൊവിഡ് 19 എതിരെ പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച്് എആര്‍ റഹ്‌മാൻ. നമ്മെ രക്ഷിക്കാന്‍ വേണ്ടി അവര്‍ ജീവന്‍ പോലും പണയപ്പെടുത്തി സധൈര്യം മുന്നോട്ടു വന്നിരിക്കുകയാണെന്നും അവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണെന്നും റഹ്‌മാൻ  ട്വിറ്ററില്‍ കുറിച്ചു. ‘ലോകത്തെ കീഴ്‌മേല്‍ മറിക്കുന്ന ഈ അദൃശ്യ ശത്രുവിനെ നേരിടാന്‍ നമുക്കിടയിലെ ഭിന്നത മറന്ന് ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. ആത്മീയതയും മാനുഷികതയും പ്രവര്‍ത്തിയിലേക്കെത്തേണ്ട സമയമാണിത്. ചുറ്റുമുള്ളവരെയും വയോധികരെയും അതിഥി തൊഴിലാളികളെയും സഹായിക്കാന്‍ തയ്യാറാവുക. ദൈവം നമ്മുടെയോരോരുത്തരുടെയും ഉള്ളില്‍ തന്നെയാണ്. മതാചാരാങ്ങള്‍ക്കു വേണ്ടി ഇപ്പോള്‍ ഒത്തുകൂടുകയല്ല വേണ്ടത്. മറിച്ച്, സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം വീടുകളില്‍ തന്നെ കഴിയുക.

ഏതാനും ആഴ്ചകള്‍ സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നതിലൂടെ തുടര്‍ന്നു ജീവിക്കാന്‍ ഒരുപാട് വര്‍ഷങ്ങള്‍ നാം നേടിയെടുക്കുകയാണ് എന്നോര്‍ക്കുക. വൈറസ് പകര്‍ത്തി മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കൂ. നാം ഓരോരുത്തരും വൈറസ് വാഹകരാണോ എന്നു പോലും നമുക്കറിയില്ലല്ലോ. ചെറിയ രോഗലക്ഷണം പോലും അവഗണിക്കരുത്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് മറ്റുള്ളവരില്‍ ഭീതി ജനിപ്പിക്കാതിരിക്കുക. ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ നമ്മുടെ കയ്യിലാണ് എന്ന ബോധ്യത്തോടെ ചിന്തിച്ച് പ്രവര്‍ത്തിക്കാം’. റഹ്‌മാൻ  കുറിച്ചു.

Related post