• October 18, 2021

അസമിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം, പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായ് വിദേശരാജ്യങ്ങള്‍

 അസമിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം, പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായ് വിദേശരാജ്യങ്ങള്‍

ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുബാള്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി വിദേശ രാജ്യങ്ങള്‍. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് യു.കെ, ഫ്രാന്‍സ്, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലും ഫ്ളൈറ്റുകള്‍ അടക്കം സര്‍വീസ് നിര്‍ത്തിവച്ചിരിക്കുന്ന സാഹചര്യവും കണക്കിലെടുത്ത് അസം സന്ദര്‍ശിക്കരുതെന്ന് ഇസ്രായേല്‍ തങ്ങളുടെ പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അസമിന് പുറമെയുള്ള മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അധികം തങ്ങരുതെന്നും ഇസ്രായേല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ അസമിലുള്ള ഇസ്രായേല്‍ പൗരന്‍മാര്‍ പോലീസ് നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ഇസ്രായേല്‍ എംബസിയുമായി ബന്ധപ്പെടണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് യു.കെയും പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ സന്ദര്‍ശനം നടത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ അറിയാന്‍ ശ്രമിക്കണമെന്നും യു.കെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യാത്ര ഒഴിവാക്കണമെന്ന് തന്നെയാണ് ഫ്രാന്‍സും തങ്ങളുടെ പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അല്ലാത്ത പക്ഷം പ്രാദേശിക മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ അറിഞ്ഞതിന് ശേഷമേ ഇന്ത്യയിലേക്ക് പോകാവൂ എന്നും ഫ്രാന്‍സ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പാര്‍ലമെന്റിന്റെ ഇരു സഭകളിലും പാസായ പൗരത്വ ദേഭഗതി ബില്‍ രാഷ്ട്രപതിയും കൂടി ഒപ്പിട്ടതോടെ രാജ്യത്തെ നിയമമായി മാറി. ഇതോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അസമിലും മേഘാലയിലുമാണ് കടുത്ത പ്രതിഷേധം നടക്കുന്നത്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കുടിയേറി ക്രിസ്ത്യന്‍, ഹിന്ദു, സിഖ് , ബുദ്ധ, സൊറാസ്ട്രിയന്‍ മതവിശ്വാസികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് പൗരത്വ ഭേദഗതി നിയമം.

അതേസമയം ബില്ലിനെതിരെ ഞായറാഴ്ച സിനിമാ താരങ്ങളും സാമൂഹ്യ പ്രവര്‍ത്തകരും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. തിങ്കളാഴ്ച വീണ്ടും സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്താനും ഓള്‍ ഇന്ത്യാ സ്റ്റുഡന്റ്‌സ് യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം ക്രമസമാധാന പ്രശ്‌നങ്ങള്‍ നേരിടാന്‍ അര്‍ധ സൈനിക വിഭാഗങ്ങള്‍ക്ക് പുറമെ കരസേനയേയും വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി ബന്ദിന് സമാനമായ പ്രതീതിയായിരുന്നു അസമില്‍. ഇന്നു വൈകീട്ടോടെ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചേക്കുമെന്നാണ് സൂചന. പെട്രോള്‍ പമ്പുകള്‍ അടക്കമുള്ള അവശ്യ കേന്ദ്രങ്ങളും ഇന്നുമുതല്‍ പ്രവര്‍ത്തിച്ചേക്കും. ബില്ലിനെ ചൊല്ലി അസം സര്‍ക്കാരിനകത്തും വലിയ ഭിന്നതയാണ് ഉയരുന്നത്.

Related post