• September 28, 2021

സുധാകര്‍ മംഗളോദയം, മലയാളിയുടെ അക്ഷരശില്പി

 സുധാകര്‍ മംഗളോദയം, മലയാളിയുടെ അക്ഷരശില്പി

സുധാകര്‍ മംഗളോദയം. കൗമാരകേരളത്തെ സ്വപ്നം കാണാന്‍ പഠിപ്പിച്ചയാള്‍. ജനസാമാന്യത്തിന്റെ ഭാവുകത്വത്തിനു നിറച്ചാര്‍ത്തു നല്‍കിയ എഴുത്തുകാരന്‍. കാല്പനികലോകത്തേക്കുയരാന്‍ മലയാളിക്ക് അക്ഷരചിറകുകള്‍ സമ്മാനിച്ച കലാകാരന്‍. അക്ഷരാര്‍ത്ഥത്തില്‍, വിനോദോപാധികള്‍ അംഗുലീപരിമിതമായിരുന്ന ഇന്നലെകളുടെ രാജകുമാരനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച നോവലിസ്റ്റ് സുധാകര്‍ മംഗളോദയം. ഒരു കാലഘട്ടത്തെ, വാക്കിന്റെ പടിപ്പുര തുറന്നു വായനയിലേക്ക് ആനയിച്ച അദ്ദേഹം ജനപ്രിയ സാഹിത്യത്തിന്റെ മുഖപ്രസാദമായിരുന്നു. മലയാളം ആഴ്ചപ്പതിപ്പുകളില്‍ സുധാകര്‍ മംഗളോദയം എഴുതിയ നോവലുകള്‍ക്കായി ആകാംഷയോടെ കാത്തിരുന്ന വായനാസമൂഹം ഒരു കാലഘട്ടത്തിന്റെ പ്രത്യേകതയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് വീട്ടമ്മമാരുടെ പ്രിയ എഴുത്തുകാരനായിത്തീര്‍ന്ന സുധാകര്‍ പിന്നീട് അവരുടെ മനം കീഴടക്കിയ സീരിയലുകള്‍ സംവിധാനം ചെയ്തു. സിനിമയ്ക്ക് നല്‍കിയ സംഭാവനകളും ശ്രദ്ധിക്കപ്പെട്ടു.

മുറപ്പെണ്ണ്, നന്ദിനി ഓപ്പോള്‍, കൂടപ്പിറപ്പ്, മൗനസരോവരം, നാമം ജപിക്കുന്ന വീട്, പാദരം, സഫലം, ചിറ്റ, തില്ലാന, അമ്മ, കുങ്കുമപ്പൊട്ട് തുടങ്ങിയ ഒട്ടനവധി നോവലുകളും അവയിലെ കഥാപാത്രങ്ങളും ഇന്നും മലയാളിയുടെ മനസ്സില്‍ തെളിഞ്ഞ് നില്‍ക്കുന്നുണ്ട്. അത്രക്ക് ജനപ്രിയമായിരുന്നു അദ്ദേഹത്തിന്റെ കഥകള്‍. പത്മരാജന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കരിയിലക്കാറ്റുപോലെ എന്ന സിനിമയുടെ കഥ അദ്ദേഹത്തിന്റേതായിരുന്നു. ‘ശിശിരത്തില്‍ ഒരു പ്രഭാതം’ എന്ന അദ്ദേഹത്തിന്റെ റേഡിയോ നാടകത്തെ ആധാരമാക്കിയാണ് ആ ചിത്രം നിര്‍മ്മിച്ചത്. പൈങ്കിളി സാഹിത്യം മാത്രമല്ല, കാമ്പുള്ള കഥകളും തനിക്കു വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. ‘നന്ദിനി ഓപ്പോള്‍’ എന്ന സിനിമയുടെ സംഭാഷണവും ‘ഞാന്‍ ഏകനാണ്’ എന്ന സിനിമയുടെ തിരക്കഥയും എഴുതി.

വൈക്കത്തിനടുത്ത് വെള്ളൂര്‍ മുണ്ടുപറമ്പില്‍ വീട്ടില്‍ പരേതരായ പരമേശ്വര്‍ നായരുടേയും ജാനകിയമ്മയുടേയും മകനാണ്. കേരളത്തിന്റെ എഴുത്തുപുരയായ കോട്ടയത്തിന്റെ മണ്ണില്‍ പിച്ചവെച്ച ബാല്യവും കൗമാരവും. സാഹിത്യവും സിനിമയും ഹൃദയത്തില്‍ കൂടുകൂട്ടിയ യൗവ്വനം. എഴുത്തും വായനയും പ്രാണവായുപോലെ കൊണ്ടുനടന്ന ജീവിതം. കലാകാരന്‍ കാലയവനികയ്ക്കു പിറകിലേക്ക് മറയുമ്പോഴും സൃഷ്ടികള്‍ക്കു മരണമില്ല എന്ന യാഥാര്‍ഥ്യം അദ്ദേഹത്തിന്റെ വിയോഗത്തിനിടയിലും തെല്ലാശ്വാസം പകരുന്നു.

Related post