• October 16, 2021

കൊവിഡ് 19; കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെന്‍സസ് നടപടികള്‍ നീട്ടിവെച്ചു

 കൊവിഡ് 19; കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെന്‍സസ് നടപടികള്‍ നീട്ടിവെച്ചു

2021ലെ സെന്‍സസ് നടപടികള്‍ തുടങ്ങുന്നതു മാറ്റിവച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യമാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നീട്ടിവെയ്ക്കല്‍. ഏപ്രില്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് സെന്‍സസിന്റെ ആദ്യഘട്ടം നടക്കേണ്ടിയിരുന്നത്. ദേശീയ ജനസംഖ്യാ റജിസ്റ്റര്‍ (എന്‍പിആര്‍) പുതുക്കുന്നതിനുള്ള നടപടികളും നീട്ടി. അസം ഒഴികെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് എന്‍പിആര്‍ പുതുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കേണ്ടിയിരുന്നത്.

സെന്‍സസ്, എന്‍പിആര്‍ നടപടികള്‍ക്കു ഓരോ വീട്ടിലും അധികൃതര്‍ നേരിട്ടു വരേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇത് അസാധ്യമായതിനാലാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്‍പിആറുമായി സഹകരിക്കില്ലെന്നു കേരളം, ബംഗാള്‍, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ അറിയിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 21 ദിവസത്തെ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചത്. കൊറോണ വൈറസ് വ്യാപനം തടയാന്‍ ഇതല്ലാതെ മാര്‍ഗമില്ല. ഓരോ ഇന്ത്യക്കാരനും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചു വീട്ടിലിരിക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.

Related post