• October 17, 2021

സമൂഹവ്യാപന ഘട്ടത്തിലേക്ക് മുംബൈ; തയാറെടുപ്പുകളുമായി സര്‍ക്കാര്‍

 സമൂഹവ്യാപന ഘട്ടത്തിലേക്ക് മുംബൈ; തയാറെടുപ്പുകളുമായി സര്‍ക്കാര്‍

മുംബൈയില്‍ കൊവിഡ് 19 സമൂഹവ്യാപന ഘട്ടത്തിലേക്കു നീങ്ങുന്നുവെന്ന് സൂചന. അടുത്ത ദിവസങ്ങളിലായി ശരാശരി നൂറിലേറെപ്പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. സമൂഹവ്യാപന സാധ്യത കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ തയാറെടുപ്പുകള്‍ ഊര്‍ജിതമാക്കി. കേന്ദ്ര സര്‍ക്കാരിനോട് 3.25 ലക്ഷം പഴ്സനല്‍ പ്രൊട്ടക്ഷന്‍ എക്യുമെന്റ് (പിപിഇ) കിറ്റുകളും 9 ലക്ഷം എന്‍ 95 മാസ്‌കുകളും 99 ലക്ഷം ട്രിപ്പിള്‍ ലെയര്‍ മാസ്‌കുകളും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ 1200 വെന്റിലേറ്ററുകളും കേന്ദ്രത്തോട് ചോദിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറഞ്ഞു. മുംബൈ നഗരത്തില്‍ ധാരാവി വലിയ ഭീഷണിയായി നിലനില്‍ക്കുമ്പോള്‍ തന്നെ വര്‍ളി-പ്രഭാദേവി മേഖലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. എഴുപതിലേറെപ്പേര്‍ക്കാണ് ഇവിടെ രോഗബാധ. ഗ്രാന്റ് റോഡില്‍ അന്‍പതോളം പേര്‍ക്ക് രോഗം കണ്ടെത്തിയിട്ടുണ്ട്. അന്ധേരി വെസ്റ്റിലും ഈസ്റ്റലും രോഗവ്യാപനമുണ്ട്.

മാര്‍ച്ച് 11ന് അന്ധേരിയിലാണ് മുംബൈയിലെ ആദ്യത്തെ കോവിഡ് രോഗം സ്ഥിരീകരിക്കുന്നത്. രോഗികളുടെ എണ്ണം നൂറിലെത്താന്‍ 15 ദിവസമെടുത്തെങ്കില്‍ ഇപ്പോള്‍ ഒരു ദിവസം നൂറിനടുത്ത് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. അതിനിടെ, മുംബൈയിലെ കോവിഡ് രോഗികളെ ദക്ഷിണ മുംബൈ മറൈന്‍ ഡ്രൈവിലെ സെയ്ഫി, വിലെ പാര്‍ലെയിലെ നാനാവതി, അന്ധേരിയിലെ സെവന്‍ ഹില്‍സ്, ചിഞ്ച്‌പൊക്ലിയിലെ കസ്തൂര്‍ബ എന്നീ ആശുപത്രികളിലേക്കു മാറ്റുമെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറഞ്ഞു.

Related post