• June 19, 2021

ഒമാന്‍ വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട നോ ഒബ്ജക്ഷന്‍ നിയമം ഒഴിവാക്കി

 ഒമാന്‍ വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട നോ ഒബ്ജക്ഷന്‍ നിയമം ഒഴിവാക്കി

ഒമാന്‍ വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട നോ ഒബ്ജക്ഷന്‍ നിയമം ഒഴിവാക്കി. ഇത് പ്രകാരം ഒരു തൊഴിലുടമക്ക് കീഴില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ വിദേശ തൊഴിലാളിക്ക് ആവശ്യമെങ്കില്‍ മറ്റൊരു കമ്പനിയിലേക്ക് ജോലി മാറാം. ഇതിന് തൊഴില്‍ കരാറിന്റെ കാലാവധി അവസാനിച്ചതിന്റെയോ പിരിച്ചുവിട്ടതിന്റെയോ തൊഴില്‍ കരാര്‍ അവസാനിപ്പിച്ചതിന്റെയോ തെളിവ് ഹാജരാക്കിയാല്‍ മതിയെന്ന് വിദേശികളുടെ താമസ നിയമത്തില്‍ ഭേദഗതി വരുത്തി പൊലീസ് ആന്റ് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ലെഫ്.ജനറല്‍ ഹസന്‍ ബിന്‍ മുഹ്‌സിന്‍ അല്‍ ഷിറൈഖി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

അടുത്ത വര്‍ഷം ജനുവരി 1 മുതലാകും എന്‍.ഒ.സി ഒഴിവാക്കല്‍ പ്രാബല്യത്തില്‍ വരുക. രണ്ടാമത്തെ തൊഴിലുടമയുടെ വിദേശ തൊഴിലാളിയുമായുള്ള കരാറുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനത്തിന്റെ അനുമതി ആവശ്യമായി വരും. ഇതിനുള്ള വ്യവസ്ഥകള്‍ പിന്നീട് അറിയിക്കും. വിദേശ തൊഴിലാളിയുടെ റെസിഡന്‍സ് പെര്‍മിറ്റ് മാറുമ്പോള്‍ കുടുംബാംഗങ്ങളുടേതും ഒപ്പം മാറുകയും ചെയ്യും.

2014ലാണ് ഈ നിയമം നടപ്പില്‍ വരുത്തിയത്. ഇത് പ്രകാരം വിദേശികള്‍ക്ക് മറ്റൊരു കമ്പനിയിലേക്ക് മാറണമെങ്കില്‍ നിലവിലെ തൊഴിലുടമയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്ത പക്ഷം ഒമാന്‍ വിട്ട് രണ്ട് വര്‍ഷ കാലയളവില്‍ രാജ്യത്തേക്ക് തിരിച്ചുവരാന്‍ അനുമതി ഉണ്ടായിരുന്നില്ല.

Related post