• June 18, 2021

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍

 സംസ്ഥാനത്ത് ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍

സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലൈൻ വഴി ക്ലാസുകൾ ആരംഭിക്കും. വിക്ടേഴ്‌സ് ചാനൽ വഴിയാണ് സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നടക്കുക. ലോക്ക് ഡൗൺ നിയന്ത്രണങ്ങളൊഴിവാകുന്നത് വരെ താത്കാലിക സംവിധാനമെന്ന നിലയിലാണ് ഓൺലൈൻ പഠനം ആരംഭിക്കുന്നത്.

ഫസ്റ്റ് ബെൽ എന്ന പേരിൽ വിക്ടേഴ്‌സ് ചാനൽ വഴിയും യൂട്യൂബ് വഴിയും ഓൺലൈനായാണ് ക്ലാസുകൾ ആരംഭിക്കുന്നത്. രക്ഷിതാക്കൾ വിദ്യാർത്ഥികളെ ടിവിക്ക് മുന്നിലെത്തിക്കണം. രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയാണ് ക്ലാസുകൾ. ഒരു സമയം ഒരു ക്ലാസ് മാത്രമായിരിക്കും നടക്കുകയെന്നും വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചിട്ടുണ്ട്.ക്ലാസുകള്‍ ആദ്യയാഴ്ച പരീക്ഷണാടിസ്ഥാനത്തിലാകും നടത്തുക. ഈ ക്ലാസുകള്‍ വീണ്ടും പ്രക്ഷേപണം ചെയ്യും. ടിവികളില്‍ വിക്ടേഴ്‌സ് ചാനല്‍ ലഭിക്കാത്തവര്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിച്ച് കമ്പ്യൂട്ടര്‍ വഴിയോ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചോ ക്ലാസില്‍ പങ്കെടുക്കാം. ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളാണ് ഓണ്‍ലൈനായി നല്‍കുന്നത്. മലയാളം മീഡിയത്തില്‍ മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ ക്ലാസുകള്‍ എടുക്കുക.

കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന പാഠഭാഗങ്ങള്‍ തത്സമയം കൈറ്റ് വിക്ടേഴ്‌സ് വെബ്ബിലും മൊബൈല്‍ ആപ്പിലും സോഷ്യല്‍ മീഡിയ പേജുകളിലും ലഭ്യമാകും.ടിവിയും സ്മാര്‍ട്ട് ഫോണും ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കും. ഇത്തരം വിദ്യാര്‍ഥികളെ കണ്ടെത്താനും സൗകര്യം ഒരുക്കാനും അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.അയല്‍വീടുകള്‍, ഗ്രന്ഥശാലകള്‍, അക്ഷയകേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ സേവനം തേടും. ഓരോ ക്ലാസിന്റെയും സംപ്രേഷണത്തിനു മുമ്പ് അധ്യാപകര്‍ കുട്ടികളുമായി ഫോണില്‍ ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ നല്‍കും. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തില്‍ ഒരു വിദ്യാര്‍ഥിക്കു പോലും ക്ലാസ് നഷ്ടമാകുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

രണ്ടുലക്ഷത്തിലധികം കുട്ടികള്‍ക്കാണ് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വരിക എന്ന് കണ്ടെത്തിയിട്ടുണ്ട്. അവര്‍ക്ക് ടിവിഎത്തിക്കാനുള്ള സംവിധാനങ്ങള്‍ ജനകീയമായി നടന്നിട്ടുണ്ട്. എത്രകുട്ടികള്‍ക്ക് ക്ലാസുകള്‍ ലഭ്യമാകാതിരുന്നു, എന്തുകൊണ്ട് ലഭ്യമാകാതിരുന്നു എന്നുള്ള ഫീഡ്ബാക്ക് എടുക്കുന്നതിന് വേണ്ടിയാണ് ആദ്യ ഒരാഴ്ച ട്രയല്‍ നടത്തുന്നത്. അതിനുശേഷം അവര്‍ക്ക് എങ്ങനെ സൗകര്യമൊരുക്കാം എന്നുള്ള ചര്‍ച്ച നടക്കും പ്ലാന്‍ ഉണ്ടാക്കും . രണ്ടാഴ്ചയക്കുളളില്‍ കേരളത്തിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ക്ലാസ് ലഭ്യമാകുന്ന സാഹചര്യമുണ്ടാക്കുമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു.ഒരുമാസത്തേക്കുള്ള പാഠഭാഗങ്ങള്‍ ഇതിനകം ഷൂട്ട് ചെയ്ത് കഴിഞ്ഞു.

Related post