• June 20, 2021

ആദിവാസി വിദ്യാര്‍ത്ഥികൾക്ക് സഹായ വാഗ്ദാനവുമായി രാഹുൽ ഗാന്ധി

 ആദിവാസി വിദ്യാര്‍ത്ഥികൾക്ക് സഹായ വാഗ്ദാനവുമായി   രാഹുൽ ഗാന്ധി

വയനാട് ജില്ലയിലെ ആദിവാസി വിദ്യാര്‍ത്ഥികൾക്ക് ഓണ്‍ലൈൻ പഠനത്തിനുള്ള സാമഗ്രികൾ വാഗ്‌ദാനം ചെയ്ത് വയനാട് എം.പി രാഹുൽ ഗാന്ധി. ഇത് സംബന്ധിച്ച് ആവശ്യമായ സാമഗ്രികളുടെ പട്ടിക തന്നെ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്കും വയനാട് ജില്ല കളക്ടര്‍ക്കും കത്തയച്ചു.

വിദ്യാലയങ്ങളിലെ സാധാരണ ക്ലാസുകൾ പുനരാരംഭിക്കുക എന്നത് വളരെയധികം ക്ലേശം നിറഞ്ഞതാണെന്നിരിക്കെ ഡിജിറ്റൽ ക്ലാസുകൾക്കായുള്ള നീക്കം അത്യന്താപേക്ഷിതമാണ് എന്ന് രാഹുൽ ഗാന്ധി കത്തിൽ അഭിപ്രായപ്പെട്ടു. ഫസ്റ്റ് ബെൽ എന്ന സംരംഭത്തിലൂടെയുള്ള ഡിജിറ്റൽ ക്ലാസ്സ്‌റൂമിൽ പങ്കെടുക്കാൻ കഴിയാതെ ആദിവാസി വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് തനിക്ക് റിപ്പോർട്ട് ലഭിച്ചതായും രാഹുൽ ഗാന്ധി പറഞ്ഞു.

സ്മാർട്ട്ഫോൺ, കമ്പ്യൂട്ടർ, മതിയായ ഇന്റർനെറ്റ് സൗകര്യം എന്നിവ ഇല്ലാത്ത വിദ്യാർത്ഥികളെ സംബന്ധിച്ച് ഡിജിറ്റൽ ക്ലാസുകളിൽ പങ്കെടുക്കുക എന്നത് വെല്ലുവിളിയാണ്. വയനാട്ടിലെ വിദൂര ഗ്രാമങ്ങളിൽ കഴിയുന്ന വിദ്യാർത്ഥികൾ പ്രത്യേകിച്ചും ഈ ഡിജിറ്റൽ വിഭജനം കാരണം പിന്തള്ളപ്പെടാൻ സാധ്യത ഉണ്ട്. ആദിവാസി വിദ്യാർത്ഥികളുടെ സ്കൂളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് ഇപ്പോൾ തന്നെ കൂടുതൽ ആണെന്നിരിക്കെ പുതിയ സാഹചര്യം കൂടുതൽ ആശങ്കയുണ്ടാക്കുന്നതാണ് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു

Related post