• June 19, 2021

കോഴിക്കോട് ഓറഞ്ച് അലര്‍ട്ട്; ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറും

 കോഴിക്കോട് ഓറഞ്ച് അലര്‍ട്ട്; ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറും

തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തുടര്‍ന്നുള്ള മണിക്കൂറുകളില്‍ ശക്തി പ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി മാറും. നിസര്‍ഗ ചുഴലിക്കാറ്റ് മഹാരാഷ്ട്ര ഗുജറാത്ത് തീരം ലക്ഷ്യമാക്കിയാകും സഞ്ചരിക്കുക. മണിക്കൂറില്‍ പരമാവധി 100 കിലോമീറ്റര്‍ വരെയായിരിക്കും ചുഴലിക്കാറ്റിന്റെ വേഗത. നാളെ വൈകുന്നേരത്തോടെ മഹാരാഷ്ട്രയിലെ ഹരിഹരേശ്വറിനും, ദാമനും ഇടയില്‍ നിസര്‍ഗ കരയില്‍ പ്രവേശിപ്പിക്കാനാണ് സാധ്യത. മഹാരാഷ്ട്രയുടെ വടക്കന്‍ തീരങ്ങളിലും ഗുജറാത്തിന്റെ തെക്കന്‍ തീരങ്ങളിലും ജാഗ്രത മുന്നറിയിപ്പ് നല്‍കി.

കാലവര്‍ഷത്തിന്റെ കൂടി പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. കടല്‍ പ്രക്ഷുബ്ധമാകാനും, മണിക്കൂറില്‍ പരമാവധി 50 കിലോമീറ്റര്‍ വരെ വേഗതയില്‍ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കടലാക്രമണ ഭീഷണിയുള്ളതിനാല്‍ തീര പ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. കേരള തീരത്ത് മത്സ്യ ബന്ധനത്തിന് ഏര്‍പ്പെടുത്തിയ കര്‍ശന നിരോധനം തുടരുകയാണ്. താഴ്ന്ന മേഖലകളില്‍ വെള്ളപ്പൊക്കത്തിനും, മലയോര മേഖലകളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്. പൊതു ജനങ്ങളും ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.

Related post