• May 14, 2021

ഫീനിക്‌സോ ഡികാപ്രിയോയോ? ഓസ്‌കറില്‍ ആര് നേടും

 ഫീനിക്‌സോ ഡികാപ്രിയോയോ? ഓസ്‌കറില്‍ ആര് നേടും

2020 ഓസ്‌കര്‍ പുരസ്‌കാര പട്ടികയില്‍ 11 നാമനിര്‍ദ്ദേശങ്ങളുമായി ‘ജോക്കര്‍’ മുന്നില്‍. മികച്ച നടന്‍, മികച്ച സിനിമ, മികച്ച സംവിധായകന്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളില്‍ ജോക്കര്‍ മാറ്റുരയ്ക്കും. ടോഡ് ഫിലിപ്പ് സംവിധാനം ചെയ്ത ചിത്രമായ ജോക്കര്‍ അക്രമവാസന വളര്‍ത്തുന്നു എന്നു വിമര്‍ശിക്കപ്പെട്ടിരുന്നു. ചിത്രത്തിന് ബ്രിട്ടിഷ് അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ആര്‍ട്‌സ് (ബാഫ്റ്റ) പുരസ്‌കാര നിര്‍ണയപ്പട്ടികയിലും 11 നാമനിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. വിഖ്യാതമായ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തില്‍ ‘ജോക്കറി’ലൂടെ ജോക്വിന്‍ ഫീനിക്‌സ് മികച്ച നടനുളള പുരസ്‌കാരം നേടിയിരുന്നു. ഫീനിക്‌സ് ഓസ്‌കറിനും നേട്ടമാവര്‍ത്തിക്കുമോ എന്ന ആകാംക്ഷയിലാണ് സിനിമാലോകം.


കെന്റ്വിന്‍ ടാരന്റിണോ സംവിധാനം ചെയ്ത വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ലിയനാര്‍ഡോ ഡികാപ്രിയോയും മികച്ച നടനുള്ള പുരസ്‌കാരത്തിന് മത്സരിക്കുന്നു. 2015 ല്‍ റെവനന്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം ഡികാപ്രിയോ സ്വന്തമാക്കിയിരുന്നു. വണ്‍സ് അപ്പോള്‍ എ ടൈം ഇന്‍ ഹോളിവുഡും, 1917 ഉം 10 നാമനിര്‍ദ്ദേശങ്ങള്‍ വീതം നേടി.

ജോക്കര്‍ താരം ജോക്വിന്‍ ഫീനിക്സും മാരേജ് സ്റ്റോറിയിലെ അഭിനയത്തിന് ആദം ഡ്രൈവര്‍, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ലിയണാര്‍ഡോ ഡികാപ്രിയോ, പെയിന്‍ ആന്‍ഡ് ഗ്ലോറി സിനിമയിലെ ബന്റാസ്, ദ ടു പോപ്പ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോനാതന്‍ പ്രൈസി എന്നിവരാണ് മികച്ച നടനുള്ള നോമിനേഷനുകള്‍ നേടിയത്. മികച്ച ചിത്രങ്ങളുടെ വിഭാഗത്തില്‍ ദ് ഐറിഷ് മാന്‍, ജോക്കര്‍, പാരസൈറ്റ്, 1917 മാരേജ് സ്റ്റോറി, ജോജോ റാബീറ്റ്, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്, ലിറ്റില്‍ വുമണ്‍, ഫോര്‍ഡ് ആന്‍ഡ് ഫെരാരി എന്നീ സിനിമകള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മികച്ച സംവിധായകര്‍ക്കുള്ള നോമിനേഷന്‍സ് നേടിയത് ദ് ഐറിഷ് മാന്‍ സിനിമയ്ക്ക് മാര്‍ട്ടിന്‍ സകോര്‍സസെ, ടോഡ് ഫിലിപ്സ് (ജോക്കര്‍) 1917 (സാം മെന്‍ഡസ്), വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് (ക്വിന്റിന്‍ ടരന്റിനോ) പാരസൈറ്റ് ( ബോങ് ജൂണ്‍ ഹോ).
ഇരട്ട ഓസ്‌കര്‍ നോമിനേഷന്‍ നേടുന്ന ചരിത്രത്തിലെ ആറാമത്തെ ചിത്രമായി ദക്ഷിണ കൊറിയന്‍ ചിത്രം ‘പാരസൈറ്റ്’. മികച്ച ചിത്രത്തിനും മികച്ച വിദേശഭാഷാ ചിത്രത്തിനുമുളള നോമിനേഷനാണ് ചിത്രം നേടിയത്. 77 ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തില്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരവും കാന്‍ ചലച്ചിത്രോല്‍സവത്തില്‍ പാം ദി ഓര്‍ പുരസ്‌കാരവും ‘പാരസൈറ്റ്’ നേടിയിരുന്നു.

Related post