• June 19, 2021

ചാരപ്രവര്‍ത്തനത്തിന് പുറത്താക്കിയ പാക് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യന്‍ അതിര്‍ത്തി കടത്തി

 ചാരപ്രവര്‍ത്തനത്തിന് പുറത്താക്കിയ പാക് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യന്‍ അതിര്‍ത്തി കടത്തി

ചാരപ്രവര്‍ത്തനത്തിന് പുറത്താക്കിയ പാക് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യന്‍ അതിര്‍ത്തി കടത്തി. രണ്ട് പേരെയും അട്ടാരി വാഗ അതിര്‍ത്തി വഴിയാണ് വിട്ടത്. ആബിദ് ഹുസൈന്‍, താഹിര്‍ ഖാന്‍ എന്നിവരെയാണ് അതിര്‍ത്തി കടത്തിയത്. 24 മണിക്കൂറിന് ഉള്ളില്‍ രാജ്യം വിടണം എന്ന് ഇന്ത്യ ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. വ്യാജ പേരില്‍ പുറത്തിറങ്ങി പ്രതിരോധമേഖലയിലെ വ്യക്തിയില്‍ നിന്ന് സൈനിക വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചെന്നാണ് ഇവരുടെ മേലുള്ള ആരോപണം. ആബിദ് ഹുസൈനും താഹിര്‍ ഖാനും വ്യാജ പേരിലും വ്യാജ ഐഡന്റിറ്റി കാര്‍ഡും ഉപയോഗിച്ച് നഗരം മുഴുവന്‍ കറങ്ങിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ ചാരപ്രവര്‍ത്തനം നടത്തുന്നതിലുള്ള പ്രതിഷേധം ഇന്ത്യ പാകിസ്ഥാനെ അറിയിച്ചിരുന്നു. ഇവരുടെ പ്രവര്‍ത്തനം ഇന്ത്യയുടെ ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്നും ഇന്ത്യ അറിയിച്ചു. എന്നാല്‍, ഉദ്യോഗസ്ഥര്‍ ചാരപ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും ഇന്ത്യയുടെ നടപടി തെറ്റിദ്ധാരണമൂലമാണെന്നുമാണ് പാകിസ്ഥാന്‍ പ്രതികരിച്ചത്. നയതന്ത്ര ബന്ധത്തിലെ വിയന്ന കണ്‍വെന്‍ഷന്‍ ധാരണ ഇന്ത്യ ലംഘിച്ചെന്നും പാകിസ്ഥാന്‍ കുറ്റപ്പെടുത്തിയിരുന്നു. പാകിസ്ഥാന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ അനാവശ്യമായി ഇടപെടുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. മുമ്പ് 2016ലാണ് പാക് ഉദ്യോഗസ്ഥരെ ചാരപ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കിയത്.

Related post