• October 16, 2021

യുഎസ്സിന്റെ പേൾ ഹാർബർ നിമിഷം എത്തി, മുന്നറിയിപ്പുമായി വിദഗ്‌ധർ

 യുഎസ്സിന്റെ പേൾ ഹാർബർ നിമിഷം എത്തി,  മുന്നറിയിപ്പുമായി വിദഗ്‌ധർ

അതിവേഗം പടരുന്ന കൊറോണാവൈറസ്സിനെ ഫലപ്രദമായി നേരിടാനുള്ള തന്ത്രം ആവിഷ്കരിക്കണമെന്ന് യുഎസ് ഗവർണർമാർ പ്രസിഡന്റ് ഡോണൾഡ്‌ ട്രമ്പിനോട് അഭ്യർത്ഥിച്ചു. മരണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വരും ആഴ്ച ‘പേൾ ഹാർബർ’ സമാനമായ അവസ്ഥ സൃഷ്ടിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.
യുഎസ്സിന്റെ ഹോണോലുലുവിലുള്ള പേൾ ഹാർബറിലെ നാവിക താവളത്തിനുനേരെ ഇംപീരിയൽ ജാപ്പനീസ് നേവി എയർ സർവീസ് നടത്തിയ സൈനിക ആക്രമണമാണ് പേൾ ഹാർബർ സംഭവം എന്നറിയപ്പെടുന്നത്. ഈ നടപടി അതുവരെ നിക്ഷ്പക്ഷമായിരുന്ന അമേരിക്കയെ രണ്ടാം ലോകമഹായുദ്ധത്തിലേക്ക് തള്ളിവിട്ടു. സംഭവത്തിൽ രണ്ടായിരത്തിനാനൂറുപേർക്ക് ജീവഹാനി സംഭവിച്ചിരുന്നു.
അതേസമയം, യുഎസിലെ മരണസംഖ്യ പതിനായിരമെന്ന പരിതാപകരമായ ‘നാഴികക്കല്ലി’ലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.
രോഗികളെ കൈകാര്യം ചെയ്യാൻ നിയോഗിക്കപ്പെട്ട മുതിർന്ന ശാസ്ത്രജ്ഞനായ ആന്റണി ഫോക്കി ഒരു മോശം ആഴ്ചയ്ക്ക് അമേരിക്കക്കാർ തയ്യാറാകണമെന്ന് മുന്നറിയിപ്പ് നൽകി.
“അവസ്ഥ നിയന്ത്രണാധീനമാണെന്നു ഞാൻ പറയില്ല. അത് തെറ്റായ പ്രസ്താവനയായിരിക്കും,” അദ്ദേഹം പറഞ്ഞു.
യുഎസ് സർജൻ ജനറൽ ജെറോം ആഡംസ് കൂടുതൽ ഭയാനകമായ പ്രവചനമാണ് നടത്തിയത്. “ഇത് മിക്ക അമേരിക്കക്കാരുടെയും ജീവിതത്തിലെ ഏറ്റവും വിഷമകരവും ദുഃഖകരവുമായ ആഴ്ചയായിരിക്കും,” അദ്ദേഹം ഫോക്സ് ന്യൂസിനോട് പറഞ്ഞു.
“ഇത് നമ്മുടെ പേൾ ഹാർബർ നിമിഷമായിരിക്കും, നമ്മുടെ 9-11 നിമിഷം, പക്ഷെ ഇത് പ്രാദേശികവൽക്കരിക്കപ്പെടാൻ പോകുന്നില്ല.”
ജനങ്ങൾ വീടുകളിൽ കഴിയണമെന്നുള്ള നിർദ്ദേശം ഭൂരിഭാഗം സംസ്ഥാനങ്ങളും നൽകിയിട്ടുണ്ട് . എന്നാൽ ഒൻപത് സംസ്ഥാനങ്ങൾ ഇതുവരെ അത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. അതേസമയം രാജ്യവ്യാപകമായ നിർദ്ദേശങ്ങളൊന്നും ഫെഡറൽ സർക്കാർ നൽകിയിട്ടുമില്ല.
നിയന്ത്രണങ്ങൾ നടപ്പിലാക്കാത്ത ഒൻപത് സംസ്ഥാനങ്ങളിലാണ് യുഎസ്സിന്റെ ഭക്ഷ്യോത്പാദനത്തിന്റെ ഭൂരിഭാഗവും നടക്കുന്നതെന്ന് ആഡംസ് അഭിപ്രായപ്പെട്ടു.
എന്നിരുന്നാലും അടുത്ത ഏഴ് മുതൽ പത്തു ദിവസമെങ്കിലും ജനങ്ങൾ വീടുകളിൽ കഴിയണമെന്ന ഉത്തരവ് ഇറക്കാൻ ഈ സംസ്ഥാനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു: “എല്ലാവരും അവരവരുടെ ഭാഗം ചെയ്താൽ പ്രത്യാശയ്‌ക്കു വകയുണ്ട്,” ആഡംസ് അഭിപ്രായപ്പെട്ടു.
അതേസമയം ന്യൂയോർക്ക് സംസ്ഥാനത്ത് കൊറോണ മരണസംഖ്യ 4,159 ആയി ഉയർന്നതായി ഗവർണർ ആൻഡ്രൂ ക്യൂമോ പറഞ്ഞു. ഒരു ദിവസം മുമ്പ് ഇത് 3,565 ആയിരുന്നു.

Related post