• May 14, 2021

പേളി ബോളിവുഡിലേക്ക്; ചിത്രത്തിന്‌റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

 പേളി ബോളിവുഡിലേക്ക്; ചിത്രത്തിന്‌റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

മലയാളികള്‍ക്കെന്നും പ്രിയങ്കരിയാണ് പേളി മാണി. ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും ആരാധകരുടെ ഇഷ്ടം കവരാന്‍ പേളിയ്ക്കായി. ആരാധകരോട് സ്വന്തം വിശേഷങ്ങളും സിനിമ വിശേഷങ്ങളും പങ്കുവയ്ക്കാന്‍ താരം സമയം കണ്ടെത്താറുമുണ്ട്. പേളി മാണിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോള്‍ മലയാളവും കടന്ന ഹിന്ദി സിനിമ ലോകത്തേയ്ക്ക് എത്തിയിരിക്കുകയാണ് പേളി മാണി. തന്റെ ആദ്യ ഹിന്ദി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പേളി തന്നെ ഷെയര്‍ ചെയ്തിട്ടുണ്ട്.

അനുരാഗ് ബസു സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിലാണ് പേളിയുടെ അരങ്ങേറ്റം. ലുഡോ എന്ന ഹിന്ദി ചിത്രത്തിലാണ് പേളി മാണി അഭിനയിക്കുന്നത്. അഭിഷേക് ബച്ചനാണ് നായകന്‍. രാജ്കുമാര്‍ റാവുവും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ആദിത്യ റോയ് കപൂര്‍, പങ്കജ് ത്രിപാഠി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ലൈഫ് ഇന്‍ എ മെട്രോ, ഗ്യാങ്സ്റ്റര്‍, ബര്‍ഫി ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് അനുരാഗ് ബസു. ഡാര്‍ക്ക് കോമഡി ആയിട്ടാവും ചിത്രം പുറത്തു വരിക. പേളി ഇതിനോടകം ഷൂട്ടിംഗ് സംഘത്തോടൊപ്പം ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഭൂഷണ്‍ കുമാര്‍, ദിവ്യ ഖോസ്ല കുമാര്‍, തനി സോമറിത ബസു, കൃഷ്ണ കുമാര്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

ബോളിവുഡിലെ തന്റെ ആദ്യ ഷോട്ട് അഭിഷേക് ബച്ചനൊപ്പമായിരുന്നുവെന്നും വളരെ കൂളായൊരു വ്യക്തിയാണ് അഭിഷേക് എന്നും പേളി പറയുന്നു. ”അദ്ദേഹം എന്നെയെപ്പോഴും ചാച്ചി എന്നു വിളിക്കും, ഞാനത് ചേച്ചി എന്നു തിരുത്തികൊണ്ടേയിരുന്നു,” അഭിഷേകിനൊപ്പമുള്ള അനുഭവങ്ങള്‍ പേളി പങ്കുവയ്ക്കുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പേളി. ബിഗ് ബോസില്‍ ഇരിക്കുമ്പോഴാണ് അനുരാഗ് ബസു ചിത്രത്തില്‍ നിന്നും ഓഫര്‍ വരുന്നതെന്നനും ഒരു സ്വപ്നം പോലെയാണ് തോന്നിയതെന്നും പേളി പറയുന്നു.
ടലിവിഷന്‍ അവതാരകയായ ശേഷമാണ് നടി എല്ലാവരുടെയും പ്രിയങ്കരിയായി മാറിയത്. പേളി മാണി അവതരിപ്പിച്ച ഡിഫോര്‍ ഡാന്‍സ് പോലുളള റിയാലിറ്റി ഷോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. പേളിയുടെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു ഈ ഷോ. ബിഗ് ബോസില്‍ പങ്കെടുത്ത ശേഷമുളള നടിയുടെ പ്രണയവും വിവാഹവുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

ശ്രീനിഷ് അരവിന്ദുമായുളള വിവാഹ ശേഷം സോഷ്യല്‍ മീഡിയയിലാണ് പേളി കൂടുതല്‍ സജീവമായിരുന്നത്. തങ്ങളുടെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പേളി തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.

Related post