• May 15, 2021

പ്ലാസ്റ്റിക് ഉപയോഗിച്ചാൽ ഇനി കീശ കീറും

 പ്ലാസ്റ്റിക് ഉപയോഗിച്ചാൽ ഇനി കീശ കീറും

തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ ഇന്ന് മുതല്‍ പിഴ ഈടാക്കും. ആദ്യ നിയമലംഘത്തിന് 10000 രൂപയാണ് പിഴ. രണ്ടാം തവണയും ആവര്‍ത്തിച്ചാൽ 25000 രൂപയും , മൂന്നാം തവണ 50000 രൂപയാണ് പിഴ ഈടാക്കുക. ഒപ്പം സ്ഥാപനത്തിന്റെ നിര്‍മാണ അനുമതിയും പ്രവര്‍ത്തന അനുമതിയും റദ്ദാക്കും.

ജനങ്ങളുടെ കൈവശം പ്ലാസ്റ്റിക് ക്യാരിബാഗുകളും പ്ലാസ്റ്റിക് കുപ്പികളും പോലുള്ള നിരോധിത ഉൽപന്നങ്ങൾ ഉണ്ടെങ്കിൽ പിഴ ഈടാക്കുകയില്ലെന്നും ഇവ നിർമിക്കുകയും വിപണനം ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കാണു പിഴയെന്നും സംസ്ഥാന പരിസ്ഥിതി വകുപ്പ് വ്യക്തമാക്കി .

ജനുവരി ഒന്നുമുതലാണ് നിരോധനം നിലവില്‍ വന്നത്. എന്നാല്‍ പിഴ ഈടാക്കുന്നത് 15 ദിവസത്തേക്ക് നീട്ടി നല്‍കിയിരുന്നു. പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

കലക്ടര്‍മാര്‍, സബ് കലക്ടര്‍മാര്‍, തദ്ദേശ ആരോഗ്യ വകുപ്പുകളിലെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് നിരോധനം നടപ്പാക്കാനുള്ള ചുമതല. എക്സ്റ്റെന്‍ഡഡ് പ്രൊഡ്യൂസര്‍ റെസ്പോണ്‍സിബിലിറ്റി പ്രകാരം നീക്കം ചെയ്യുന്നതും സംസ്‌കരിക്കുന്നതുമായ ബ്രാന്‍ഡഡ് പ്ലാസ്റ്റിക് വസ്തുക്കളെയും, മെഡിക്കൽ ഉൽപ്പന്നങ്ങളെയും നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Related post