• October 17, 2021

നിയമസഭയില്‍ 10 ചെലവ് ചുരുക്കല്‍ നടപടികളുമായി സ്പീക്കര്‍

 നിയമസഭയില്‍ 10 ചെലവ് ചുരുക്കല്‍ നടപടികളുമായി സ്പീക്കര്‍

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിയമസഭയിലും ചെലവ് ചുരുക്കല്‍ നടപ്പാക്കാന്‍ തീരുമാനിച്ചതായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. നിയമസഭയില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളില്‍ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും സ്പീക്കര്‍ അറിയിച്ചു.

സാമ്പത്തിക ബാധ്യത ചുരുക്കുന്നതിന് നിയമസഭാ സെക്രട്ടേറിയറ്റിന്റെ നടപ്പ് ചെലവിനങ്ങളുടെ പട്ടിക പരിശോധിച്ച് ഇന്റേണല്‍ സ്‌ക്രൂട്ടിനി വഴി അനിവാര്യമല്ലാത്ത പര്‍ച്ചേസിങ് ഉള്‍പ്പെടെ എല്ലാ മേഖലകളിലും 25 ശതമാനം ചെലവ് ചുരുക്കലിനുവേണ്ടി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായി പ്രത്യേക സമിതിയെ നിയോഗിക്കുന്നതടക്കം 10 നടപടികളാണ് നിയമസഭയില്‍ നടപ്പിലാക്കുന്നത്. 10 ചിലവ് ചുരുക്കല്‍ നടപടികള്‍ ചുവടെ:

1.നിയമസഭാ സെക്രട്ടേറിയറ്റില്‍ പുതിയ തസ്തിക സൃഷ്ടിക്കല്‍ പൂര്‍ണ്ണമായി മരവിപ്പിക്കും.

2.സാമ്പത്തിക ബാധ്യത ചുരുക്കുന്നതിന് നിയമസഭാ സെക്രട്ടേറിയറ്റിന്റെ നടപ്പ് ചെലവിനങ്ങളുടെ പട്ടിക പരിശോധിച്ച് ഇന്റേണല്‍ സ്‌ക്രൂട്ടിനി വഴി അനിവാര്യമല്ലാത്ത പര്‍ച്ചേസിങ് ഉള്‍പ്പെടെ എല്ലാ മേഖലകളിലും 25 ശതമാനം ചെലവ് ചുരുക്കലിനുവേണ്ടി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായി പ്രത്യേക സമിതിയെ നിയോഗിക്കും.

3.നിയമസഭാ സെക്രട്ടേറിയറ്റിന്റെ പരിഗണനയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ഒരു പ്രവൃത്തി ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു.

4.നിയമസഭാ സമിതികളുടെ അന്തര്‍ സംസ്ഥാന പഠനയാത്രകള്‍ നിയന്ത്രിക്കും.

5. സാമാജികരുടെ വാസസ്ഥലത്ത് ഏറ്റവും അനിവാര്യമായതല്ലാത്ത അറ്റകുറ്റപ്പണികള്‍ നിയന്ത്രിക്കും.

6.നിയമസഭാ സെക്രട്ടേറിയറ്റ് പുതിയ വാഹനങ്ങള്‍ വാങ്ങുകയില്ല.

7.വാഹനങ്ങളുടെ വിനിയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.

8.ആസ്തി വികസന ഫണ്ട് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വന്തം മണ്ഡലത്തിലോ അനിവാര്യമായ സാഹചര്യങ്ങളില്‍ ജില്ലയിലോ വിനിയോഗിക്കാന്‍ പ്രത്യേക അനുമതി നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും.

9.നിയമസഭയില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 24 മണിക്കൂര്‍ ഹെല്‍പ് ഡെസ്‌ക്കില്‍ ഇതിനോടകം മൂവായിരത്തിലധികം പേര്‍ പല തരത്തിലുള്ള സഹായങ്ങള്‍ക്കായി ബന്ധപ്പെടുകയുണ്ടായി.

10.നിയമസഭാ ജീവനക്കാരുടെ നേതൃത്വത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ സാമൂഹിക അടുക്കളയിലേക്ക് എല്ലാ ദിവസവും 200 ഭക്ഷണപ്പൊതികള്‍ നല്‍കിവരുന്നു.

Related post