• October 21, 2021

കോവിഡ് ജാതിയും മതവും നോക്കിയല്ല എത്തുക; വേണ്ടത് ഐക്യം: പ്രധാനമന്ത്രി

 കോവിഡ് ജാതിയും മതവും നോക്കിയല്ല എത്തുക; വേണ്ടത് ഐക്യം: പ്രധാനമന്ത്രി

കോവിഡ് 19 മഹാമാരി എല്ലാ ജനങ്ങളെയും ഒരുപോലെയാകും ബാധിക്കുകയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ആക്രമിക്കുന്നതിനു മുന്‍പു കോവിഡ് നമ്മുടെ വംശം, മതം, നിറം, ജാതി, ഭാഷ, അതിര്‍ത്തി എന്നിവ നോക്കാറില്ല. അതുകൊണ്ടുതന്നെ ഐക്യത്തിനും സാഹോദര്യത്തിനും പ്രാധാന്യം നല്‍കിയായിരിക്കണം പ്രതികരിക്കേണ്ടത്. നമ്മള്‍ ഇതില്‍ ഒന്നാണെന്ന് പ്രമുഖ തൊഴില്‍സൈറ്റായ ലിങ്ക്ഡിനില്‍ പ്രധാനമന്ത്രി കുറിച്ചു.

‘മുന്‍ ചരിത്രത്തില്‍ നിന്നു വ്യത്യസ്തമായി, ലോകമാകെ ഒരുമിച്ച് ഒരു പൊതുവെല്ലുവിളിയെ നേരിടുകയാണ്. ഒത്തൊരുമയായിരിക്കും നമ്മുടെ ഭാവി. ഇന്ത്യയില്‍ നിന്നുള്ള വലിയ ആശയങ്ങള്‍ക്ക് ആഗോള പ്രസക്തിയും പ്രയോഗിതയും കണ്ടെത്തണം. ഇന്ത്യയ്ക്ക് മാത്രമല്ല, മുഴുവന്‍ മനുഷ്യവര്‍ഗത്തിനും ഗുണപരമായ മാറ്റം വരുത്താനുള്ള കഴിവ് അവയ്ക്ക് ഉണ്ടായിരിക്കണം. കോവിഡിനു ശേഷമുള്ള കാലത്ത് ആധുനിക ബഹുരാഷ്ട്ര വിതരണ ശൃംഖലകളുടെ ആഗോള നാഡീകേന്ദ്രമായി ഉയര്‍ന്നുവരാന്‍ ഇന്ത്യയ്ക്ക് കഴിയും. അതുകൊണ്ടു തന്നെ ഈ അവസരം പാഴാക്കരുത്.’ പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് പരിശോധനയ്ക്കു ശേഷം മാത്രമേ മുസ്ലിം രോഗികളെ പ്രവേശിപ്പിക്കൂ എന്നു പത്രങ്ങളില്‍ പരസ്യം നല്‍കിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഒരു ആശുപത്രിക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ കുറിപ്പ്. ഡല്‍ഹിയില്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ രോഗവ്യാപനത്തിനു സാമുദായിക നിറം നല്‍കുന്നെന്ന് ആരോപിച്ച് ഒരു വിഭാഗം സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

Related post