• October 23, 2021

അടുത്ത ഒരാഴ്ച നിര്‍ണായകം ,ഹോട്ട്സ്പോട്ടുകളില്‍ കര്‍ശന നിയന്തണം ; മോദി

 അടുത്ത ഒരാഴ്ച നിര്‍ണായകം ,ഹോട്ട്സ്പോട്ടുകളില്‍ കര്‍ശന നിയന്തണം ; മോദി


കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ വരാനിരിക്കുന്ന ഒരാഴ്ച രാജ്യത്തെ സംബന്ധിച്ച് നിര്‍ണായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറസ് വ്യാപനം പിടിച്ചുനിര്‍ത്തുന്നതിന് ഏപ്രില്‍ 20 വരെ വളരെ കര്‍ശനമായ നടപടികള്‍ തുടരുമെന്നും ഹോട്ട്സ്പോട്ടുകളില്‍ കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിക്കുമെന്നും മോദി വ്യക്തമാക്കി.

സ്ഥിതി മോശമായാല്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. യാത്രാനിയന്ത്രണങ്ങളില്‍ ഇളവുണ്ടാവുകയില്ല . കാര്‍ഷികമേഖലയ്ക്ക് ഇളവുനല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചാല്‍ പോലും നമ്മുടെ ആശങ്ക വര്‍ധിക്കും. അതുകൊണ്ടുതന്നെ ഹോട്ട്സ്പോട്ടുകളില്‍ അതീവ ജാഗ്രതയോടെയുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും കര്‍ശന നടപടികള്‍ സ്വീകരിക്കുകയും വേണം. എന്നിട്ടും പുതിയ ഹോട്ട്സ്പോട്ടുകള്‍ ഉണ്ടാവുകയാണങ്കില്‍ അത് നമ്മുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും മോദി ചൂണ്ടിക്കാട്ടി.

കൊറോണ പടരുമ്പോഴും രാജ്യത്തെ രക്ഷിച്ചത് ജനങ്ങളുടെ ത്യാഗമാണ്. അനുസരണയുള്ള പടയാളികളെ നമിക്കുന്നു, യുദ്ധം ഇതുവരെ ജയിച്ചു. ഭക്ഷണം, യാത്ര എന്നിങ്ങനെ ജനങ്ങള്‍ക്കുണ്ടായ പ്രയാസം മനസിലാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

മാര്‍ച്ച് 24-ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ അടച്ചിടലിന്റെ കാലാവധി ഇന്ന് അര്‍ധരാത്രി അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇന്ത്യ കാട്ടിയ അച്ചടക്കം ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ആകെ 40 ദിവസം നീളുന്ന ലോക്ക്ഡൗണാണ് പ്രഖ്യാപിച്ചത്.

Related post