• June 18, 2021

മുട്ടുകുത്തി മാപ്പപേക്ഷിച്ച് മയാമി പൊലീസ്; ആലിംഗനം ചെയ്ത് പ്രതിഷേധക്കാര്‍

 മുട്ടുകുത്തി മാപ്പപേക്ഷിച്ച് മയാമി പൊലീസ്; ആലിംഗനം ചെയ്ത് പ്രതിഷേധക്കാര്‍

ആഫ്രോ അമേരിക്കന്‍ ജോര്‍ജ്ജ് ഫ്‌ലോയിഡന്റെ കൊലപാതകത്തില്‍ അമേരിക്കയിലുടനീളം വന്‍പ്രതിഷേധങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. കടകള്‍ക്കും പൊലീസ് സ്റ്റേഷനുകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടാണ് പ്രതിഷേധക്കാര്‍ തെരുവില്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നത്. എന്നാല്‍ വളരെ വ്യത്യസ്തമായ ഒരു പ്രതിഷേധത്തിനാണ് മയാമി സാക്ഷ്യം വഹിച്ചത്. പ്രതിഷേധവുമായി എത്തിയവര്‍ക്ക് മുന്നില്‍ മുട്ടുകുത്തി നിന്ന് മയാമി പൊലീസ് മാപ്പപേക്ഷിച്ചു. പ്രതിഷേധക്കാരാകട്ടെ, അവരെ ആലിംഗനം ചെയ്താണ് പൊലീസിന്റെ മാപ്പപേക്ഷ സ്വീകരിച്ചത്. കരഞ്ഞുകൊണ്ടാണ് പ്രതിഷേധക്കാര്‍ പൊലീസിനെ കെട്ടിപ്പിടിച്ചത്. ഷീല്‍ഡുകളും ഹെല്‍മെറ്റും താഴെ നിലത്ത് വച്ച് പ്രതിഷേധക്കാരോട് ചില ഉദ്യോഗസ്ഥര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.

ചെറുകിട ഭക്ഷണശാലയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുകയായിരുന്ന ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയായിരുന്നു കൊലപാതകം. ജോര്‍ജ് ഫ്ളോയിഡിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറിക്ക് ഷോവിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഡെറിക് ഒന്‍പത് മിനിറ്റോളം ജോര്‍ജിനെ കാല്‍മുട്ടിനടിയില്‍ വെച്ച് ഞെരിച്ചമര്‍ത്തിയതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ മെയ് 25നാണ് സംഭവം നടന്നത്, കൈവിലങ്ങ് ഉപയോഗിച്ച് പുറകിലേക്ക് കൈകള്‍ ബന്ധിച്ചതിന് ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥനായ ഡെറിക് കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി ഫ്‌ലോയിഡിനെ കൊന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തെത്തിയതിനെ തുടര്‍ന്ന് വന്‍പ്രതിഷേധങ്ങളാണ് അമേരിക്കയില്‍ നടന്നു കൊണ്ടിരിക്കുന്നത്.

Related post