• June 19, 2021

ആലുവ മാർക്കറ്റിലെ ചുമട്ടുതൊഴിലാളിക്കും ഭാര്യയ്ക്കും കോവിഡ്

 ആലുവ മാർക്കറ്റിലെ ചുമട്ടുതൊഴിലാളിക്കും ഭാര്യയ്ക്കും കോവിഡ്

മാർക്കറ്റിലെ ചുമട്ടുതൊഴിലാളിക്കും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ചൂർണിക്കര സ്വദേശികളാണ് ഇവർ. കൊച്ചിയിലും ആലുവയിലും സമൂഹ വ്യാപനഭീതി നിലനിൽക്കുന്നതിനിടെയാണ് ദമ്പതികൾക്ക് കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടർന്നു 2 ദിവസം മുൻപ് അടച്ചിട്ട മാർക്കറ്റ് ഇന്നു മുതൽ താൽക്കാലികമായി തുറക്കാൻ മന്ത്രി വി.എസ്. സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. പുലർച്ചെ 2 മുതൽ 9.30 വരെയാണ് പ്രവർത്തന സമയം. മാർക്കറ്റിന്റെ നിയന്ത്രണം ഇൻസ്പെക്ടർ എൻ. സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് ഏറ്റെടുത്തു.

കോവിഡിന്റെ സമൂഹ വ്യാപന സാധ്യത നിലവിലുണ്ടെങ്കിലും ജനങ്ങൾക്ക് അത്യാവശ്യ സാധനങ്ങൾ മുടങ്ങാതിരിക്കാൻ വേണ്ടിയാണ് കർശന നിബന്ധനകളോടെ പ്രവർത്തനം പുനരാരംഭിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. എറണാകുളം ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച 25 പേരിൽ 17 പേർക്കും കോവിഡ് പകർന്നത് സമ്പർക്കത്തിലൂടെയാണ്.

ഇതിൽ 2 പേരുടെ രോഗത്തിന്റെ ഉറവിടം അറിയില്ല. ആലുവ സ്വദേശിയായ വൈദികൻ (39), കുട്ടമശേരി സ്വദേശിയായ കെട്ടിട നിർമാണ കരാറുകാരൻ (49) എന്നിവർക്കാണ് ഉറവിടമറിയാതെ കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ ഏറ്റവും കൂടുതൽ പേർക്കു രോഗം സ്ഥിരീകരിച്ചതും (25) സമ്പർക്ക വ്യാപനം ഏറ്റവും ഉയർന്നതും (17) ഇന്നലെയാണ്. 

Related post