• June 20, 2021

പൈനാപ്പിളില്‍ പടക്കം നിറച്ച് കെണി; ആനയ്ക്ക് ദാരുണാന്ത്യം

 പൈനാപ്പിളില്‍ പടക്കം നിറച്ച് കെണി; ആനയ്ക്ക് ദാരുണാന്ത്യം

പൈനാപ്പിളില്‍ പടക്കം നിറച്ച കെണിയില്‍ കുരുങ്ങി ആനയ്ക്ക് ദാരുണാന്ത്യം. സൈലന്റ് വാലി നാഷ്ണല്‍ പാര്‍ക്കില്‍പ്പെട്ട ഗര്‍ഭിണിയായ കാട്ടാനയ്ക്കും കുഞ്ഞിനുമാണ് ഈ ദാരുണാന്ത്യം ഉണ്ടായത്. നിലമ്പൂര്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസറായ മോഹന്‍ കൃഷ്ണന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആനയ്ക്ക് നേരിടേണ്ടി വന്ന ദാരുണ സംഭവത്തെ കുറിച്ച് പങ്കിട്ടതിനു ശേഷമാണ് സംഭവം പുറംലോകം അറിയുന്നത്.

മെയ് 27 നാണ് മലപ്പുറത്തെ വെള്ളിയാര്‍ പുഴയില്‍ ഏകദേശം 15 വയസ്സ് പ്രായം തോന്നിക്കുന്ന കാട്ടാനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പടക്കം നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് അത് പൊട്ടിത്തെറിച്ച് ആനയുടെ വായില്‍ നിറയെ മുറിവുകള്‍ ഉണ്ടായിരുന്നു. പിന്നീട്, ഭക്ഷണം കഴിക്കാന്‍ കഴിയാതെ മുറിവുകളുമായി ആന കഴിച്ചുകൂട്ടുകയായിരുന്നു.ശക്തിയേറിയ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേല്‍ത്താടിയും കീഴ്ത്താടിയും തകര്‍ന്നിരുന്നു.

കുങ്കിയാനകളായ സുരേന്ദ്രന്റേയും നീലകണ്ഠന്റേയും സഹായത്തില്‍ കാട്ടാനയെ പുഴയില്‍ നിന്ന് കരയ്ക്ക് കയറ്റി ചികിത്സ നല്‍കാന്‍ വനപാലകര്‍ ശ്രമിച്ചെങ്കിലും പുഴയില്‍ വച്ച് കാട്ടാന ചരിയുകയായിരുന്നു.സംഭവത്തെത്തുടര്‍ന്ന് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം തുടങ്ങി. 1997-ല്‍ പാലക്കയം ഇഞ്ചിക്കുന്ന് വനമേഖലയില്‍ സമാന രീതിയില്‍ കാട്ടാന ചരിഞ്ഞിരുന്നു .ഇത് സംഭവത്തില്‍ ദൂരൂഹത ഉണര്‍ത്തുന്നു.

മോഹന്‍ കൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്

മാപ്പ്… സഹോദരീ .. മാപ്പ് …
അവള്‍ ആ കാടിന്റെ പൊന്നോമനയായിരുന്നിരിക്കണം. അതിലുപരി അവള്‍ അതിസുന്ദരിയും സല്‍സ്വഭാവിയും നന്മയുളളവളും ആയിരിക്കണം. അതുകൊണ്ടാണല്ലോ ചെറുപ്രായത്തില്‍ തന്നെ അവിടത്തെ ആണാനകളുടെ സ്‌നേഹ പരിലാളനകള്‍ക്ക് അവള്‍ പാത്രമായത് .

തന്റെ അകകാമ്പിലെവിടെയോ അനുഭവപ്പെട്ട തലമുറ മാറ്റത്തിന്റെ ചെറിയ അനക്കങ്ങളും ശാരീരികപൂര്‍ണ്ണതയയിലെ മാറ്റങ്ങളും അവള്‍ക്ക് ആരോഗ്യവതിയായിരിക്കേണ്ടതിന്റെ സൂചനകള്‍ നല്‍കിയിരിക്കണം. അതാണ് അവള്‍ ഭക്ഷണം തേടി കാടായി കിടക്കുന്ന നാട്ടിലേക്കിറങ്ങി വന്നത്. പക്ഷെ അവിടെ സ്വാര്‍ത്ഥനായ മനുഷ്യന്‍ എന്തിനും തയ്യാറായി നില്‍ക്കുന്നത് അവള്‍ അറിഞ്ഞിട്ടുണ്ടാവില്ല. അറിഞ്ഞാല്‍ തന്നെ ഇരട്ട ജീവനുമായി നടക്കുന്ന തന്നെ ഒഴിവാക്കും എന്ന് അവള്‍ കരുതി കാണും. അവള്‍ എല്ലാരെയും വിശ്വസിച്ചു. ഭക്ഷണമായി കഴിച്ച പൈനാപ്പിളോ മറ്റേതോ പഴമോ പടക്കത്തിന്റെ രൂപത്തില്‍ പൊട്ടിതെറിച്ചപ്പോള്‍ അവള്‍ ഞെട്ടിയത് തന്നേ കുറിച്ചോര്‍ത്തായിരിക്കില്ല. പതിനെട്ടോ ഇരുപതോ മാസങ്ങള്‍ക്കു ശേഷമുണ്ടാകാന്‍ പോകുന്ന പുതു പിറവിയെ കുറിച്ചോര്‍ ത്തായിരിക്കും.

പടക്കത്തിന്റെ ഗാംഭീര്യത്തില്‍ വായും നാവും തകര്‍ന്ന അവള്‍ ഭക്ഷണം കഴിക്കാനാകാതെ വിശന്ന് അവിടമാകെ ഓടി നടന്നു. തന്റെ വിശപ്പിനെക്കാളധികം അവളെ വേവലാതിപ്പെടുത്തിയത് അകകാമ്പിലെ ഇളക്കത്തിന്റെ ആരോഗ്യമായിരിക്കും. ഭക്ഷണം തേടി ആ ഗ്രാമത്തിലെ വീടുകള്‍ക്കിടയിലൂടെ പ്രാണവേദനയോടെ ഓടിയപ്പോഴും ഒരു മനുഷ്യ ജീവിയെപ്പോലും അവള്‍ ഉപദ്രവിച്ചില്ല. ഒരു വിടു പോലും അവള്‍ തകര്‍ത്തില്ല. അതാ തുടക്കത്തില്‍ അവള്‍ നന്മയുള്ളവളാണ് എന്ന് ഞാന്‍ പറഞ്ഞത്. സൂരജും ജോളിയും ശരണ്യയും ഒക്കെ ഉള്ളത് നമുക്കിടയിലാണല്ലോ.
ഞാന്‍ അവളെ കാണുമ്പോള്‍ അവള്‍ വെള്ളിയാര്‍ പുഴയില്‍ മുഖവും തുമ്പിയും താഴ്ത്തി നില്‍ക്കുകയാണ്. വയറൊട്ടി, മെലിഞ്ഞ് പരിക്ഷീണയായി …

മുഖത്തെ മുറിവില്‍ ഈച്ചകളും മറ്റു പ്രാണികളും വരാതിരിക്കാനാകണം അവള്‍ വെള്ളത്തില്‍ തല താഴ്ത്തി നിന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എന്ന നിലക്ക് അവളെ കരക്ക് കയറ്റി ചികില്‍സ നല്‍കേണ്ടത് ഞങ്ങളുടെ കടമയാണ്. കഴിവും തന്റേടവുമുള്ള ഞങ്ങളുടെ മേലുദ്യോഗസ്ഥന്റെ ശ്രമഫലമായി ഒരു രാത്രി കൊണ്ട് അവളെ കരക്ക് കയറ്റാന്‍ പദ്ധതി തയ്യാറായി. പുഴയില്‍ നിന്ന് അവളെ ആനയിക്കാന്‍ കുങ്കികള്‍ എന്നറിയപ്പെടുന്ന അവളുടെ വര്‍ഗക്കാരായ സുരേന്ദ്രനും നീലകണ്ഠനുമെത്തി..

RTT ചുമതലയുള്ള ഉദ്യോഗസ്ഥന്‍ എന്ന നിലക്ക് പുഴയില്‍ നിന്ന് അവളെ കയറ്റുന്ന പ്രവൃത്തിയുടെ ചുമതലക്കാരന്‍ ഞാനായി . എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. പക്ഷെ അവള്‍ക്കെന്തോ ആറാം ഇന്ദ്രിയം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ഞങ്ങളെ ഒന്നിന്നും സമ്മതിക്കാതെ 27/5 ന് വൈകിട്ട് 4 മണിക്ക് ആ പുഴയില്‍ നിന്ന നില്‍പില്‍ അവള്‍ ജലസമാധിയായി. എല്ലാവരും ഞെട്ടിപ്പോയി. കുങ്കികള്‍ ക്ക് എത്ര പെട്ടന്നാണ് കാര്യം മനസ്സിലായത് എന്ന് ഞാന്‍ ആലോചിച്ചു. അവരതാ കണ്ണീര്‍ വാര്‍ക്കുന്നു.കണ്ണീര്‍ വീണ് പുഴതിളക്കുന്നതായി എനിക്ക് തോന്നി. മനുഷ്യന്റെ സ്വാര്‍ത്ഥതക്ക് മുമ്പില്‍ പുഴയുടെ പ്രതിഷേധം.
ഇനി അവള്‍ക്ക് അര്‍ഹിക്കുന്ന യാത്രയയപ്പ് നല്‍കണം. അതിനായി അവളെ ലോറിയില്‍ കയറ്റി വനത്തിനുള്ളില്‍ എത്തിച്ചു. ബാല്യ കൗമാരങ്ങളില്‍ ഓടികളിച്ച മണ്ണില്‍ വിറങ്ങലിച്ച് അവള്‍ കിടന്നു.

ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമായി പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ കൂടെ നിന്ന എന്നോട് ഒരു ഗദ്ഗദം പോലെ പറഞ്ഞു അവള്‍ ഒറ്റക്കായിരുന്നില്ല എന്ന്. മാസ്‌ക്ക് ധരിച്ചതു കൊണ്ട് ഡോകടറുടെ മുഖഭാവം എനിക്ക് മനസ്സിലായില്ലെങ്കിലും അതിലെ സങ്കടം എനിക്ക് പിടികിട്ടി.
ഞാന്‍ നിര്‍ത്തുകയാണ്. അവിടെ തന്നെ ചിതയൊരുക്കി അവളെ ഞങ്ങള്‍ സംസ്‌കരിച്ചു. അഗ്‌നി എറ്റുവാങ്ങുമ്പോഴും അവളുടെ അമ്മ മനസ്സിനെ ഞാന്‍ മനസ്സാ നമിച്ചു. സൂക്ഷ്മാണു വായ കൊറോണയുടെ മുമ്പില്‍ പോലും പകച്ചു നില്‍ക്കേണ്ടി വരുന്ന മനുഷ്യ വര്‍ഗ്ഗത്തില്‍പ്പെട്ട ഒരാളെന്ന നിലക്ക് എനിക്കൊന്നേ എല്ലാവര്‍ക്കുമായി അവളോട് പറയാനുള്ളൂ ….

സഹോദരീ ….. മാപ്പ്

Related post