• October 28, 2021

കേരളത്തിലും തടങ്കല്‍ പാളയങ്ങള്‍ ഒരുങ്ങുന്നു

 കേരളത്തിലും തടങ്കല്‍ പാളയങ്ങള്‍ ഒരുങ്ങുന്നു

അനധികൃതമായി കേരളത്തിലെത്തി പിടിയിലായ വിദേശ തടവുകാരെ പാര്‍പ്പിക്കാന്‍ തടങ്കല്‍ പാളയം നിര്‍മിക്കാന്‍ കേരളം ഒരുങ്ങുന്നു. സാമൂഹ്യനീതി വകുപ്പാണ് ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവെച്ചതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ പൌരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളില്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നത് വിവാദമാകുന്നതിനിടെയാണ് കേരളവും ഇത്തരമൊരു നീക്കം നടത്തുന്നത്.

വിവിധ കേസുകളില്‍ ഉള്‍പ്പെട്ട, പാസ്പോര്‍ട്ട് – വിസ തുടങ്ങിയ അംഗീകൃത രേഖകളുടെ കാലാവധി അവസാനിച്ച, അനധികൃതമായി രാജ്യത്ത് പ്രവേശിച്ച വിദേശീയര്‍ക്കായാണ് കേരള സര്‍ക്കാര്‍ തടങ്കല്‍ പാളയങ്ങളൊരുക്കുന്നത്. ഇത്തരത്തിലുള്ളവരുടെ എണ്ണമെടുക്കാന്‍ സാമൂഹ്യനീതി വകുപ്പ് നീക്കം നടത്തുന്നതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. എത്ര പേരെ പാര്‍പ്പിക്കേണ്ടി വരുമെന്നതിന്റെ വിവരങ്ങള്‍ ലഭിച്ചതിനു ശേഷം മാത്രമേ കെട്ടിടത്തെക്കുറിച്ച് അന്തിമ ധാരണയാകൂ. നിലവില്‍ വകുപ്പിന്റെ കീഴിലുള്ള ഒരു കെട്ടിടവും ലഭ്യമല്ല. അതുപ്രകാരം പുതിയ കെട്ടിടം നിര്‍മ്മിക്കുകയോ വാടകയ്ക്കെടുക്കുകയോ ചെയ്യുമെന്ന് ഒരു ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.

വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയോട് കഴിഞ്ഞ ജൂണില്‍ തന്നെ സാമൂഹ്യ നീതി വകുപ്പ് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ഏറ്റവുമൊടുവിലായി കഴിഞ്ഞമാസം 26നാണ് വകുപ്പ് കത്തെഴുതിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുവിൻ്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Related post