• October 22, 2021

കൊവിഡ് 19; ചാള്‍സ് രാജകുമാരന്‍ ആയുര്‍വേദ ഡോക്ടറുടെ ചികിത്സ തേടിയില്ലെന്ന് ഔദ്യോഗിക വക്താവ്

 കൊവിഡ് 19; ചാള്‍സ് രാജകുമാരന്‍ ആയുര്‍വേദ ഡോക്ടറുടെ ചികിത്സ തേടിയില്ലെന്ന് ഔദ്യോഗിക വക്താവ്

കൊറോണ വൈറസ് ബാധയില്‍നിന്ന് മുക്തനാവാന്‍ ചാള്‍സ് രാജകുമാരനെ സഹായിച്ചത് ആയുര്‍വേദ ചികിത്സയാണെന്ന കേന്ദ്ര ആയുഷ് സഹമന്ത്രിയും ഗോവയില്‍നിന്നുള്ള ലോക്സഭാംഗവുമായി ശ്രീപാദ് നായിക്കിന്റെ അവകാശവാദം തള്ളി അദ്ദേഹത്തിന്റെ ഔദ്യോഗിക വക്താവ്. ബെംഗളൂരുവില്‍ സൗഖ്യ ആയുര്‍വേദ റിസോര്‍ട്ട് നടത്തുന്ന ഡോ. ഐസക്ക് മത്തായി തന്നെ വിളിച്ചിരുന്നുവെന്നും ചാള്‍സ് രാജകുമാരന് നല്‍കിയ ആയുര്‍വേദ, ഹോമിയോപ്പതി ചികിത്സകള്‍ ഫലവത്തായെന്ന് പറഞ്ഞുവെന്നും ശ്രീപാദ് നായിക്ക് ഗോവയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ കോവിഡ്19 ല്‍നിന്ന് വിമുക്തനാകുന്നതിന് ചാള്‍സ് രാജകുമാരന്‍ ബെംഗളൂരുവിലുള്ള ആയുര്‍വേദ ഡോക്ടറുടെ ഉപദേശം തേടിയിരുന്നുവോയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ലേഖകന്‍ ആരാഞ്ഞപ്പോള്‍ ചാള്‍സ് രാജകുമാരന്റെ വക്താവ് അത് നിഷേധിച്ചു.

‘തെറ്റായ വിവരമാണിത്. യു.കെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ ഉപദേശം മാത്രമാണ് ചാള്‍സ് രാജകുമാരന്‍ സ്വീകരിച്ചത്. അതില്‍ക്കൂടുതലൊന്നും വിശദീകരിക്കാനില്ല’ – വക്താവ് പറഞ്ഞു. ചാള്‍സ് രാജകുമാരന്‍ തന്റെ ചികിത്സ തേടാറുണ്ടെന്ന് ബെംഗളൂരുവിലെ ആയുര്‍വേദ ഡോക്ടര്‍ അവകാശപ്പെട്ടു. എന്നാല്‍ രാജകുമാരന്റെ സ്വകാര്യത മാനിച്ച് കേന്ദ്രമന്ത്രിയുടെ പരാമര്‍ശത്തെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Related post